Tuesday, September 14, 2010

ആ നേരം എനിക്കിന്നോര്‍മ്മയുണ്ട്

മണ്ണിലേക്ക് കുത്തിവീഴുന്ന മഴയുടെ താളം രസിച്ച്, തുലാവര്‍ഷം നല്‍കിയ
ആദ്യ മഴയില്‍ ഓടിക്കളിച്ച നേരം എനിക്കിന്നോര്‍മ്മയുണ്ട്

വള്ളിനിക്കറും ബനിയനും ഇട്ട് - മനസ്സിനുള്ളില്‍ ഒരായിരം ചിരിയുമായി
തകര്‍ത്തു പെയ്യുന്ന മഴയില്‍ ആടിപ്പാടിയ നേരം എനിക്കിന്നോര്‍മ്മയുണ്ട്

മഴത്തുള്ളികള്‍ കൈപ്പത്തികള്‍ കൊണ്ട് തട്ടിത്തെറിപ്പിക്കും വേളയില്‍
ഒരു അലറുന്ന മേഘത്തിന്‍ കൂടെ അലറിയ നേരം എനിക്കിന്നോര്‍മ്മയുണ്ട്

അലറി മടുത്ത മേഘം വീണ്ടും ആഞ്ഞൊന്നലറിയപ്പോള്‍
ഓടിച്ചെന്നു അമ്മയുടെ മടിയില്‍ ഇരുന്ന നേരം എനിക്കിന്നോര്‍മ്മയുണ്ട്

അറഞ്ഞു പെയ്ത മഴയുടെ കൂടെ വീശിയ കാറ്റില്‍, ദൂരെ എവിടെയോ
ഒരു കുയില്‍ - ഭയന്ന് കൂവിയ നേരം എനിക്കിന്നോര്‍മ്മയുണ്ട്

തുള്ളികള്‍ പെയ്തു നിറഞ്ഞ ഒരു തൊടിയില്‍,
കടലാസു തോണികള്‍ ഒഴുക്കിക്കളിച്ച നേരം എനിക്കിന്നോര്‍മ്മയുണ്ട്

മേഘം മാറി മാനം തെളിഞ്ഞു - തൊടിയിലെ വെള്ളം വറ്റിമറഞ്ഞപ്പോള്‍
മുഖം വാടി ആകാശത്തേക്ക് നോക്കി നിന്ന നേരം എനിക്കിന്നോര്‍മ്മയുണ്ട്

വീണ്ടും ഒരു മഴയുടെ താളം രസിച്ച്, അതില്‍ ഓടിക്കളിക്കാനും ആടിപ്പടാനും
തോണികള്‍ ഒഴുക്കാനും കാത്തിരുന്ന ആ നേരം എനിക്കിന്നോര്‍മ്മയുണ്ട്.