Sunday, December 30, 2012

ദാഹമോ പ്രണയമോ?

എന്തു സ്നേഹമാണീ കടലിന്,

എത്ര ദൂരങ്ങളില്‍ നിന്നുമാണീ തിരകള്‍
എന്‍റെ തീരങ്ങള്‍ തേടി എത്തുന്നത്‌.

തീരങ്ങള്‍ക്കിത്ര ദാഹമോ, അതോ,
ഈ കടലിനെന്നോട് പ്രണയമോ?

എന്തു ഇരുട്ടുമൂടിയ രാത്രിയാണ്,

എത്ര ഉയരങ്ങളില്‍ നിന്നുമാണീ മേഘങ്ങള്‍ 
എന്‍റെ ഭൂമിയിലേക്ക്‌ പൊട്ടിച്ചിതറിപ്പെയ്യുന്നത്.

ഭൂമിക്കിത്ര ദാഹമോ, അതോ,
ഈ രാത്രികള്‍ക്കെന്നോട് പ്രണയമോ?

എന്തു ശാന്തതയാണീ മിഴികളില്‍,

എത്ര ഓര്‍മ്മകളില്‍ നിന്നുമാണീ തുള്ളികള്‍ 
എന്‍റെ  നേത്രങ്ങളിലേക്ക് ഓടിയെത്തുന്നത്.
 

ചുണ്ടുകള്‍ക്കിത്ര ദാഹമോ,  അതോ,
ഈ എനിക്ക് നിന്നോട് പ്രണയമോ?

Saturday, December 29, 2012

കനവുകളുടെ പെരുന്നാള്‍


       ഒരു കുട നിറയെ നക്ഷത്രങ്ങളുമായി
       എന്നും, നിലാവെത്താറുണ്ടായിരുന്നു,
       എന്‍റെ കനവുകളുടെ തെരുവിലെ
       പെരുന്നാളുകള്‍ക്ക് വെളിച്ചമേകാന്‍.

       ഇന്നെന്തോ, ആരുമില്ലായിരുന്നു.
       വന്നില്ല, നിലാവും നക്ഷത്രങ്ങളും,
       കനവുകളുടെ തെരുവിലിന്നു
       കനത്ത മഴയുണ്ടായിരുന്നു,

       കുട ചോരുന്നുണ്ടായിരുന്നു ! 

Thursday, December 27, 2012

അന്നും മഴയുണ്ടായിരുന്നു..

ഒരുമിച്ചിരുന്നു കണ്ടിട്ടുണ്ട്, ജനലഴികളിലൂടെ ഒരുപാട് മഴകള്‍, ഞാനും അവനും. ഏഴ്-ബി-യിലെ അവസാന ബെഞ്ചില്‍ ജനാലയുടെ അറ്റം ചേര്‍ന്ന് ഞാനിരുന്നു, എന്‍റെ തൊട്ടു മുന്നില്‍ അവനും.  ഞെരിച്ച് പെയ്യുന്ന മഴയുടെ തുള്ളികള്‍ ജനാലപ്പടികളില്‍ ചിന്നഭിന്നമാകുമ്പോള്‍, ഒരു ഇറ്റ് എന്‍റെയും ഒരു ഇറ്റ് അവന്‍റെയും അരികത്തെത്തുമായിരുന്നു. ചിലപ്പോളതെന്‍റെ ഉടുപ്പ് നനക്കുമായിരുന്നു ചിലപ്പോള്‍ അവന്‍റെ ബുക്കും. കടലാസ് മുകളില്‍ വീഴുന്ന കണങ്ങളില്‍ ചിലതൊക്കെ അവന്‍ തുടച്ചു മാറ്റുമ്പോള്‍ ചേര്‍ത്തുവച്ച അക്ഷരങ്ങളെല്ലാം ചവിട്ടി തേച്ച പോലെയാകും.  ഇടക്കിടെ എന്‍റെ ഹീറോ പേനയുടെ ചുണ്ട് നനച്ചുകൊണ്ടെനിക്കും തരും ഒരു പണി.

ജനാലപ്പടവില്‍ അടുക്കി വച്ച ചോറ്റു പാത്രങ്ങളില്‍, തുള്ളികള്‍ ചിലത് ശബ്ദമുണ്ടാക്കും. കുത്തിച്ചാരിവച്ച് ഉണക്കിയ പോപ്പി കുടകള്‍ വീണ്ടും നനയ്ക്കും. ചിലതൊക്കെ ഭിത്തിയുടോരം ചേര്‍ന്ന് ഒഴുകിയോലിച്ചു  താഴേക്കിറങ്ങും. സിമെന്‍റ്തറയിലെ മണ്‍തരികളുമായി  
ഓടിക്കളിച്ചും കൂട്ടം ചേര്‍ന്നും ചളിയാക്കും, ചിലതൊക്കെ തുരുമ്പ് കമ്പിയില്‍ തന്നെ തൂങ്ങി തൂങ്ങി അങ്ങനെ നില്‍ക്കും, ഒരാളും കൂടെയെത്തിയിട്ട് താഴെച്ചെന്നാക്കളിയില്‍ ചേരാന്‍. കാത്തിരുന്ന് മടുത്ത തുള്ളികളെയെല്ലാം അവന്‍ പെന്‍സില്‍ മുനകൊണ്ട്  കുത്തിയിടും, എന്നിട്ട് അവനെന്നെ ഒന്ന് തിരിഞ്ഞു നോക്കും. എന്താടാ എന്ന് ചോദിക്കും മുന്നേ എത്തും, ഓമന ടീച്ചറിന്‍റെ ചോക്ക് കഷണങ്ങള്‍. സാമൂഹ്യ പാടങ്ങളും, ശാസ്ത്രവും, ഗണിതവും  ഒരുപാടങ്ങനെ മഴ നനഞ്ഞു.

ബെല്ലടിച്ചുതീരുമ്പോളേക്കും  ജനാലക്കരികിലേക്കെത്തും ഞാനും അവനും. തൂങ്ങി നില്‍ക്കുന്ന ബാക്കി തുള്ളികളില്‍ ചിലപ്പോള്‍ അവന്‍ നാവിന്‍റെ തുമ്പോന്നു മുട്ടിക്കും, ചിലത് എന്‍റെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കും, എന്നിട്ട് അവന്‍റെ വക ഒരു കമെന്‍റ് ഉണ്ട് - "അങ്ങനെയെങ്കിലും ഒന്ന് കുളിക്കാടാ എന്ന്"!

വര്‍ഷങ്ങളങ്ങനെ കടന്നു മാറി. ഒടുവിലെത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ അവസാനമായി ആ ജനാലക്കരികില്‍ ഞാനും അവനും. വേനലവധിക്ക്  ശേഷമെത്തിയ പരീക്ഷാഭലം സന്തോഷങ്ങള്‍ നല്‍കി, അന്നും  മഴയുണ്ടായിരുന്നു. പഴയ ക്ലാസ് മുറിയിലേക്കൊന്നു ഞാന്‍ ഒന്ന് കണ്ണോടിച്ചു. ജനാലകള്‍ മാറ്റിയിരിക്കുന്നു - അവ സ്ലൈഡിംഗ്  ആക്കിയിരുന്നു. അകത്തെക്കെതാനാവാതെ മഴത്തുള്ളികള്‍ ചില്ലിലടിച്ചുമരിക്കുന്നുണ്ടായിരുന്നു. 
എന്നോട് ചേര്‍ന്നവനുമുണ്ടായിരുന്നു, എന്‍റെ പുറകില്‍, മിഴികള്‍ നിറച്ച്‌, എന്‍റെ ഉടുപ്പും നനച്ച് ....

Wednesday, December 26, 2012

ഇന്നും, നീയും ഞാനും

സഞ്ചാരികളാണോ  നമ്മള്‍?
നൗകകള്‍ മാറിയും തുഴഞ്ഞും,  
ദിക്കുകളകലെ,
പുതുജീവന്‍റെ തീരങ്ങള്‍ തേടി,
നീയും ഞാനും.

പറവകളാണോ നമ്മള്‍?
ചിറകുകളടിച്ചു പറന്ന്
ദിശകള്‍ മാറി,
ഉയരങ്ങളിലെ ചില്ലകള്‍ തേടി,
നീയും ഞാനും.

വഴിപോക്കരാണോ നമ്മള്‍?
ഇരുളിന്‍റെയും പകലിന്‍റെയും 
പ്രബലമായ കല്പനകളില്‍,
ജീവിതമിങ്ങനിറക്കിയും കയറ്റിയും,
നീയും ഞാനും.

കാലമടര്‍ത്തിയിടുന്ന 
ഓര്‍മ്മത്താളുകളുടെ 
ഇരുപുറവും മറുപടിയില്ലാത്ത 
ഒരു ചോദ്യം മാത്രം,
നീയാര് ? ഞാനാര്? 

ഛിദ്രജന്മങ്ങളാണോ നമ്മള്‍?
എത്ര തുഴഞ്ഞിട്ടും തീരത്തടുക്കാതെ,
എത്ര  പറന്നിട്ടും കൂടണയാതെ,
എത്ര നടന്നിട്ടും ലക്ഷ്യങ്ങളെത്താതെ,
ഇന്നും, നീയും ഞാനും.

Monday, December 24, 2012

എനിക്കോര്‍മ്മയില്ല!

എവിടേക്കെത്താനാണ് 
സ്വപ്‌നങ്ങള്‍ കിതച്ചത് ?
എനിക്കോര്‍മ്മയില്ല .

ഏതു നിമിഷത്തിനാണ് 
മിഴികള്‍ ദാഹിച്ചത് ?
എനിക്കോര്‍മ്മയില്ല .

നീരോട്ടങ്ങളില്‍
അവശനായാത്മാവും,
ലഹരികളില്‍ നീരാടി 
മരവിച്ച മനസ്സും,

എത്ര കാലമായി
ഒരു മഴ നനഞ്ഞിട്ട് ?
എനിക്കോര്‍മ്മയില്ല .

കനലുകളിലിനി 
പ്രകാശങ്ങളില്ല,
തീരങ്ങളിലിനി 
അലനുരകളുമില്ല,

എത്ര സമയമായി ഞാന്‍ 
നിദ്രയിലേക്കാഴ്ന്നിട്ട് ?
എനിക്കോര്‍മ്മയില്ല.

എത്ര  നേരമായി 
എന്‍റെ ശ്വാസം നിലച്ചിട്ട് ?
എനിക്കോര്‍മ്മയില്ല!

Saturday, December 22, 2012

കാത്തുനില്‍പ്പ്

മൂകമായ മിഴികളില്‍ 
അശാന്തമായ ഒരു കടലിന്‍റെ 
കാത്തുനില്‍പ്പുണ്ട്‌,

വീണ്ടും ഒരു നിമിഷം 
ചുവടുകള്‍ അമാന്തിച്ചത് 
നിന്നെയും കാത്താവാം,

അബ്ദങ്ങളേറെയായി,
ഇന്നകലങ്ങള്‍ ഏറെയായി,

ദാഹിച്ചുവലഞ്ഞ നാവിന്‍റെ 
തുമ്പിലും, ഒരു വാക്കിന്‍റെ 
കാത്തുനില്‍പ്പുണ്ട്‌. 

വചനങ്ങളോരോന്നും വറ്റുന്ന 
ചിന്തയില്‍, കാവ്യശകലങ്ങള്‍ 
നാമാവശേഷമായി.

സ്മരണകളേറെയായി,
കവിതകളേറെയായി,

നിന്‍റെ നാമത്തിനൊപ്പമീയെന്നെയും 
ചേര്‍ക്കുവാന്‍, ഒരു തൂലികമുനയുടെ 
കാത്തുനില്‍പ്പുണ്ട്‌.

ജീവനാളങ്ങളോരോന്നും 
നിര്‍ജ്ജീവമായൊരവസ്ഥ,
ക്ഷീണമേറിയ  മനസ്സും
നിര്‍വ്വികാരമായൊരവസ്ഥ, 

സങ്കടങ്ങളേറെയായി,
ആലസ്യങ്ങളേറെയായി, 

ചേതനയുടെയന്തിമശ്വാസത്തിനപ്പുറം,
ഇന്ന് മറ്റൊരേകാന്തതയുടെ 
കാത്തുനില്‍പ്പുണ്ട്‌.

Wednesday, December 19, 2012

തമസ്സിന്‍റെ തടവറകളില്‍ ഇന്നും...

ഗതികേടാല്‍ നിലതെറ്റിയ
മനസ്സിന് മുകളില്‍, ഒരു
വെറിപിടിച്ച ദേഹിയുടെ
കിതപ്പും വിയര്‍പ്പുമായ്,
മനമുരുകി അവള്‍....

മാനവും ജീവനും
ഒപ്പം ഉരിഞ്ഞെറിഞ്ഞ്
തമസ്സിന്‍റെ തടവറകളില്‍
ശബ്ദമിടറി, അസാധാരണമായ
സഹനങ്ങളില്‍ അവള്‍...

ക്രമതെറ്റിയ ഗതിവേഗതയില്‍,
അസ്സഹനീയമായ ആവര്‍ത്തനങ്ങളില്‍,
തീവ്രമായ വെപ്രാളങ്ങളില്‍,
നിലക്കാത്ത ചുടുനിശ്വാസങ്ങളില്‍,
എത്രയോ നാഴികകള്‍ അവള്‍... 

ശോച്യമായവസ്ഥകളില്‍,
അബോധമയക്കങ്ങളില്‍,
കയിപ്പ്കലര്‍ന്ന നിരാശയുടെ 
കണ്ണുനീര്‍ച്ചാലുകളൊഴുക്കി,
പ്രാണനും ഉടക്കി അവള്‍...

അങ്ങാവോളമാസ്വദിക്കും,
വെറിപൂണ്ട ദേഹികള്‍,  

വേദനയില്‍ പുളഞ്ഞു
തളര്‍ന്നയാത്മാവില്‍,
സമനില തെറ്റി അവള്‍...

കണ്ണീരും മരവിപ്പും,
നൊടിനേരത്തിലൊതുക്കി,
മാനം ചുറ്റിമറയ്ക്കും വീണ്ടും, 
ഒരുനേരത്തന്നത്തിനായ്
ജീവന്‍ ബലികൊടുത്തവള്‍...

അവള്‍ക്കില്ല നിറഭേദങ്ങള്‍,
അവള്‍ക്കില്ല ഋതുഭേദങ്ങള്‍,
അവള്‍ക്കില്ല  മതഭേദങ്ങള്‍,
എന്നും വ്യഭിചരിക്കുന്ന  യാമങ്ങളില്‍
ജീര്‍ണ്ണിച്ച മനസ്സുമായി  ഇന്നും അവള്‍....

[അവള്‍ - കാലം വേശ്യ എന്ന് മുദ്രകുത്തിയ ഒരു സ്ത്രീ.]

Monday, December 17, 2012

പ്രണയം

കാതങ്ങള്‍ അകലെ 
ഒരു ജീവന്‍റെ പകലില്‍,
ഇലകളുടെ മറവില്‍
പ്രണയം തളിര്‍ത്തു.

നിറങ്ങളും മണങ്ങളും 
നിറയെ നിറച്ചു,
തെന്നലിലാടി ആ 
പ്രണയം വിടര്‍ന്നു.

രാപ്പകലുകളുടെ   
നേര്‍ത്ത ചൊടികളില്‍,
ഒരു പുഞ്ചിരിയാവാന്‍ 
പ്രണയം കൊതിച്ചു.

അര്‍ത്ഥങ്ങളില്ലാതെ
ആരുടെയോ മൗനം  
മനസ്സിന്‍റെ  ചുമരില്‍ 
ചിത്രം വരച്ചു.

അതൃശ്യമായൊരു 
വശ്യഗന്ധത്തില്‍
അക്ഷണം മനം 
പുളകിതനായി.

ഇതളു മുറിഞ്ഞും 
മുറിവുകളാഴ്ന്നും,
ഏതോ നഖമുനയില്‍ 
പ്രണയം മരിച്ചു !

Monday, December 10, 2012

അന്ത്യവിരാമത്തില്‍...

കാലമൊരുക്കിയ കനലടുപ്പില്‍ 
ശ്വാസനിശ്വാസങ്ങള്‍ നിലച്ച്
ആണ്ടുകളോളമിടിച്ചു
നശിച്ചനക്കമറ്റൊരു ഹൃദയത്തിന്‍റെ
അന്ത്യവിരാമത്തില്‍,

കണ്ണീര്‍ക്കണങ്ങളിലുതിര്‍ന്നു കുതിര്‍ന്നു,
കുറച്ചകലെമാറി, ഒരു വേദനയുടെ
വിതുമ്പലുണ്ടായിരുന്നു.

പകര്‍ന്നെടുക്കാനും
ഒപ്പിയെടുക്കാനുമാവാത്തവിധം
എരിഞ്ഞുരുകിയിരുന്നു
പിരിഞ്ഞകലാനാവാതെ    
മറ്റൊരു ഹൃദയം .

നിറങ്ങള്‍ മങ്ങിയ
ഓര്‍മ്മത്താളുകളില്‍
ചികഞ്ഞു നോക്കിയപ്പോള്‍,
രക്തമുതിര്‍ന്ന തൂലികത്തുമ്പാല്‍
കോറിയിട്ടൊരു നാമമുണ്ടായിരുന്നു,
സ്വയം തീര്‍ത്ത മതിലുകള്‍ക്കുള്ളില്‍   
വിഭലമെങ്കിലും, വാചാലമായ
ആര്‍ദ്രമായൊരാത്മബന്ധം.

ശിഥിലമായൊരവസ്ഥയിലിന്നു  
ഉള്‍ക്കൊള്ളാനാവാത്തവിധം
എന്നില്ലേക്ക് മടങ്ങിയെത്തിയ 
നിന്‍റെ നിഴലോടൊന്നൊട്ടിനില്‍ക്കാന്‍,
വേര്‍പാടിന്‍റെ കല്‍ത്തുറുങ്കുകളിലെ
ആത്മസംഘര്‍ഷങ്ങളിലിന്നു ഞാന്‍
ദയനീയമായി വീര്‍പ്പുമുട്ടി.   

മരണമട്ടഹസിച്ചുകൊണ്ടെന്നില്‍
തീനാളാമായി ഉലയുന്ന നേരത്ത്,
കുമിഞ്ഞു പുകഞ്ഞു പകലിന്‍റെ
മാറില്‍ തഴുകി തലോടി,
നിലതെറ്റി പെയ്ത മഴയില്‍ കലര്‍ന്ന 
വിഷാദത്തിന്‍റെ കയിപ്പുകള്‍
നിന്‍റെ നൊമ്പരങ്ങള്‍ക്കിന്നുത്തരമായോ?

Saturday, December 8, 2012

ഈറനണിഞ്ഞ കിനാവുകള്‍

പുലര്‍നിലാവിലെന്‍റെ 
സ്വസ്ഥമായ നിദ്രയില്‍,
ചിലങ്കകളണിഞ്ഞേതോ
തളിര്‍ത്ത സ്വപ്‌നങ്ങള്‍
ഉന്മാദനൃത്തങ്ങളാല്‍
ഈ ആത്മാവിനെ തൊട്ടുണര്‍ത്തി ...

ഒരു സന്ധ്യാദീപത്തില്‍ അസ്തമിച്ച 

എന്‍റെ ഓര്‍മ്മകള്‍ പൊഴിഞ്ഞ വഴികളില്‍ 
കാലം വീണ്ടുമിന്നെന്നെ കൈപിടിച്ചു 
വഴിനടത്തിയ നേരം ...

അളവറ്റ സ്നേഹങ്ങളും,  
വിതുമ്പിയ നൊമ്പരങ്ങളും,
ഭൂതകാലത്തിന്‍റെ കൈവഴികളില്‍ 
നിഴല്‍പ്പാടുകള്‍ക്കൊപ്പം 
ഒളിഞ്ഞും മറഞ്ഞും നില്‍ക്കുന്ന 
നിശബ്ദ സ്വപ്നങ്ങളും.

തെല്ലകലെ .....


നനുത്ത  മഴയിലൊരു പ്രണയം വിടര്‍ന്നതും,

ഉലഞ്ഞുലഞ്ഞെന്‍റെ മിഴികള്‍ നനച്ചതും,
ജലകണങ്ങളോരോന്നും അടര്‍ന്നു വീഴുമ്പോഴും,
അതിരുഭേദിച്ചൊരു പുഞ്ചിരിയുണര്‍ന്നതും,
ചിതറി പെയ്ത ആ മഴയുടെ ഓര്‍മ്മയില്‍,
നിറം പടര്‍ത്തി ഒരു മഴവില്ല് വിരിഞ്ഞതും -
ദീര്‍ഘമൗനങ്ങളായി എന്‍റെ സ്വപ്നങ്ങളില്‍ 
ചേക്കേറുന്ന  നേരങ്ങളിലെപ്പോഴോ..

ഒരോരം ചേര്‍ന്ന്..... 


പ്രകാശനൂലുകളിഴഞ്ഞു കയറി 

എന്‍റെ പുലര്‍നിലാവിനെ  യാത്രയാക്കി,
ഈറനണിഞ്ഞ കിനാവുകളെല്ലാം 
തൂവലൊതുക്കി അരങ്ങൊഴിഞ്ഞു,
കടിഞ്ഞാണിടാത്ത തെന്നലിന്‍ കിതപ്പില്‍
പുലരിയുടെ ആദ്യത്തുടിപ്പുണര്‍ന്നു.

ഉഷ്ണങ്ങളില്‍ പിറവിയെടുത്ത്

ആദിയും അന്തവുമില്ലാതെ, 
ശീലകള്‍ മാറ്റിയെത്തിയ പകലിന്‍റെ 
മറ്റൊരു പ്രവചിക്കാനാവാത്ത  
അദ്ധ്യായത്തിലേക്ക് പാദമുറപ്പിക്കാന്‍.

വീണ്ടും ഓര്‍മച്ചിത്രങ്ങള്‍ നെയ്യാന്‍!

Tuesday, December 4, 2012

മണ്‍പാതകള്‍

കത്തിക്കരിഞ്ഞ ടാറിന്നടിയിലുണ്ട്
വണ്ടികള്‍ കയറി മരിച്ച മണ്‍പാതകള്‍.
ടാറിനും ടയറിനുമടിയില്‍ ഞെരുങ്ങി
കരിങ്കല്ലുകള്‍ പാകിയ, വരണ്ട മണ്‍പാതകള്‍.

കത്തിയാളുന്ന  വേനലില്‍ വെന്തും
കുത്തിപ്പെയ്യുന്ന മഴയില്‍ കുതിര്‍ന്നും,
രാത്രിയുടെ കുളിരേതും നെറുകില്‍ തലോടാതെ,
മഞ്ഞിന്‍ മണികളൊന്നും   മാറത്തണിയാതെ,
ഈ വിണ്ണിനും മണ്ണിനും സ്വന്തമാല്ലാതെ ,
ഗതികിട്ടാതലയുന്ന നിഴലുകള്‍ക്കൊപ്പം 
നിദ്രയുടെ കൂറ്റന്‍ പടുകുഴിയിലേക്ക്  
മണ്ണടിഞ്ഞു, മറഞ്ഞ മണ്‍പാതകള്‍.

തിരക്കുപിടിച്ചോടുന്ന ചക്രങ്ങളെല്ലാം 
വെട്ടിപ്പിളര്‍ക്കും നെഞ്ചിന്‍ കവാടങ്ങള്‍,
തലപൊക്കിനില്‍ക്കുന്ന  കൂറ്റന്‍ വിളക്കുകള്‍
മാറിന്നടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങും,
യന്ത്രങ്ങളെല്ലാം വാവിട്ടുകരഞ്ഞാലും,
ശബ്ദപ്രളയങ്ങള്‍ അലമുറയിട്ടാലും, 
ഇന്നെത്രയൊക്കെ നിലവിളികളുയര്‍ന്നാലും,
ആത്മാവുണരാത്ത, നരച്ച മണ്‍പാതകള്‍. 

ആണ്ടുകള്‍ അങ്ങനെത്ര കടന്നുപോയി,
ഭാരങ്ങള്‍ അങ്ങനെത്ര ചുമന്നുനീക്കി,
ഒരായിരം ശിലമുനകള്‍ സിരയില്‍ തറഞ്ഞും ,
ലാവപോല്‍ ടാറെല്ലാം ചുറ്റിപ്പുണര്‍ന്നും ,
കാലമുണരുന്നതറിയാതെ, വാനമിരുളുന്നതറിയാതെ
വിരാമമില്ലാത്ത പടയോട്ടങ്ങളില്‍,
നൊമ്പരങ്ങള്‍ തകിടം മറിഞ്ഞ രണഭൂമിയില്‍,
നിലാവസ്തമിച്ച, ഇരുണ്ട മണ്‍പാതകള്‍.

Sunday, December 2, 2012

ഒരു പാഴ്ജന്മം

ഇനിവരും ജന്മങ്ങളിലെന്നെങ്കിലും
മണ്ണിന്‍റെ മാറിലെ മഞ്ഞുപുതപ്പില്‍ നിന്നും 
നിദ്രവിട്ടുണരുന്നൊരരിമുല്ലപ്പൂവായി
നീ വിടരുന്ന നേരവും കാത്തുകൊണ്ട്  
എങ്ങോട്ടെന്നില്ലാതെ -

രാപ്പകലോളം അങ്ങോളമിങ്ങോളം 
കുതറിയ കാറ്റിലും നോവിച്ച മഴയിലും
ആടിയും ഉലഞ്ഞും , നൊന്തും നനഞ്ഞും
ഇടവേളകളില്ലാതെ -

വിദൂരങ്ങളിലെവിടെയോ ഒരാഴമേറിയ
വേര്‍പാടിന്‍റെ ഏകാന്തതയുടെ മറവില്‍
വേദനകളൊന്നുമിനി അതിജീവിക്കാന്‍
ശേഷിയില്ലാതെ -

പതിറ്റാണ്ടുകളുടെ ദൈര്‍ഖ്യമുള്ള
നിറങ്ങള്‍ പടര്‍ന്നൊരു യാത്രക്കൊടുവില്‍
നിന്നിലേക്ക്‌  ചിറകടിച്ചെത്താന്‍ കൊതിച്ചു
വെയിലിന്‍റെ തീനാളങ്ങളാല്‍ തളര്‍ന്നു
ചിറകറ്റു നിലംപറ്റി അല്‍പ്പാല്‍പ്പമായി
നീറിമരിച്ച ഒരു ശലഭമാണ് ഞാന്‍.

നീതി നിഷേധിക്കപ്പെട്ട ഒരു പാഴ്ജന്മം.