Tuesday, October 30, 2012

ഈ കാറ്റിനു തിരിച്ചു നല്‍കാനാവുമോ അവളെ?

കളിതമാശകളില്‍ എപ്പോഴോ ഒരിക്കല്‍ 
അവള്‍ എന്നോട് പിണങ്ങിയപ്പോള്‍, 
തകര്‍ന്നു പോയത് എന്‍റെ ഹൃദയം ആയിരുന്നു.

ഓര്‍ത്തു വക്കുവാന്‍ കുറച്ചു ചാരവും നല്‍കി 
അവള്‍ ഈ കാറ്റിന്‍റെ കൂടെ യാത്രയായപ്പോള്‍, 
ചില്ലായ് മനസ്സില്‍ ഉടഞ്ഞു വീണത്‌ 
എന്‍റെ കുറേ  സ്വപ്‌നങ്ങള്‍ ആയിരുന്നു.

വീണ്ടും ആ സ്വപ്നങ്ങളെ ഞാന്‍ ചേര്‍ത്തെടുക്കാം, 
ഈ കാറ്റിനു തിരിച്ചു നല്‍കാനാവുമോ അവളെ?

വെട്ടിത്തിളങ്ങുന്ന ഒരു നക്ഷത്രമായി അവള്‍ മാറുമ്പോഴേക്കും, യാത്ര തിരിക്കണം എനിക്കും
 - ഈ കാറ്റിനോടൊപ്പം, 

മേഘങ്ങള്‍ക്ക് മുകളില്‍ തനിച്ചു വിറച്ചു നില്‍ക്കുന്ന 
അവളുടെ മുന്നിലെത്തി ഒന്നു  പൊട്ടിക്കരയാന്‍.

Monday, October 29, 2012

കാത്തിരിപ്പ്



രാത്രികളില്‍ തനിച്ചിരുന്ന് എന്നോട് തന്നെ ഞാന്‍ പറഞ്ഞു തീര്‍ത്തത് നിന്നെ കുറിച്ചായിരുന്നു,
ആ കാത്തിരിപ്പില്‍ നിറച്ചിട്ടുണ്ട്  പലവട്ടം ഞാന്‍ എന്‍റെ  മിഴികള്‍,

എന്നിട്ടും തളരാതെ, തുള്ളി തോരാതെ, നിന്‍റെ വരവും കാത്തിരുന്ന ആ മിഴികള്‍ നല്‍കിയത്  -
വെന്തൊടുങ്ങിയ പകല്‍ മാറി എത്തിയ രാത്രികള്‍ക്ക് എന്നും മറക്കാനാവാത്ത ഒരു കുളിരായിരുന്നു.


Saturday, October 27, 2012

ഹൃദയം എരിഞ്ഞു തീരും വരെ

കുറച്ചു സമയം കൂടെ ബാക്കിയുണ്ടെനിക്ക് 
കുറച്ചു സ്വപ്നങ്ങളും, കുറച്ചു മോഹങ്ങളും,

കുറച്ചു നടക്കണം എന്‍റെ കൂട്ടരുമൊത്തെനിക്ക് 
കുറച്ചു ഇണങ്ങണം, കുറച്ചു പിണങ്ങണം,
കുറച്ചു ആടണം, കുറച്ചു പാടണം,

കുറച്ചു നേരം ഇനി തനിച്ചു വേണം 
കുറച്ചു ഓര്‍ക്കണം, കുറച്ചു മറക്കണം,

നഷ്ടങ്ങളെല്ലാം കണ്ണീരിലൊഴുക്കി ഈ മിഴികളെ 
കുറച്ചു തളര്‍ത്തണം, കുറച്ചു ഉറക്കണം, 


എന്നെങ്കിലും എന്നെ കത്തിച്ചു കളയുമ്പോള്‍ 
ആരും വേഗം നടന്നകലല്ലേ 

ഈ ഹൃദയം എരിഞ്ഞു തീരും വരെ എനിക്ക്  

എല്ലാവരുമൊപ്പം -

കുറച്ചു ചിരിക്കണം,  
കുറച്ചു കരയണം,
കുറച്ചു ജീവിക്കണം,  
പിന്നെ മരിക്കണം.

Sunday, October 14, 2012

ഈ പ്രണയം എന്നോട് അവള്‍ക്കും ഉണ്ടാവുമോ എന്തോ?

ഒരിക്കല്‍ ഹൃദയം എടുത്ത തീരുമാനമായിരുന്നു
അവളെ പ്രണയിക്കണം  എന്നത് -
തുറന്നു പറയാന്‍ പലവട്ടം തുനിഞ്ഞിട്ടും 
അവളെ അറിയിക്കാതെ ആ പ്രണയം മറച്ചു വച്ചതും
ആ ഹൃദയത്തിന്‍റെ മറ്റൊരു തീരുമാനമായിരുന്നു

നേര്‍ത്ത തണുപ്പുള്ള ഒരു കാര്‍ത്തിക രാത്രിയില്‍
ഇലകള്‍ തഴുകി  വന്ന ഒരു ഇളം കാറ്റിനോട് ഞാന്‍ ചോദിച്ചു

അവള്‍ എന്‍റെ  ഈ മൗനം  മനസ്സിലാക്കുന്നുവോ എന്തോ?
ഈ പ്രണയം എന്നോട് അവള്‍ക്കും ഉണ്ടാവുമോ എന്തോ?

വേഗം വീശിയ കാറ്റ് ശമിച്ചു, ചുറ്റും നിശബ്ദത മാത്രമായി
ഓര്‍മകളുടെ കാര്‍മേഘങ്ങള്‍ - ഏകാന്തത നിറച്ചു തുടങ്ങിയിരുന്നു
അന്ന് മനസ്സില്‍ കനത്തു  പെയ്ത മഴയുടെ തുള്ളികള്‍
എന്‍റെ മിഴിയുടെ പോളകള്‍ നിറച്ചു തുടങ്ങിയിരുന്നു.

അവളുടെയും മിഴികള്‍ നിറഞ്ഞുവോ എന്തോ?
ഈ പ്രണയം എന്നോട് അവള്‍ക്കും ഉണ്ടാവുമോ എന്തോ?

നിറഞ്ഞ മിഴികളും, ഇരുണ്ട ഓര്‍മകളുമായി ഞാന്‍ തിരികെ പോകുന്നു
വീണ്ടും ഒരു മഴ കൂടി ഈ മനസ്സ് താങ്ങില്ല,
വീണ്ടും ഒരു രാത്രി കൂടി എകാന്തമാവില്ല
ഇവിടെ ഉപേക്ഷിക്കുന്നു ഞാന്‍ എന്‍റെ ഹൃദയം 
ഇനി ആര്‍ക്കും നല്‍കാനാവാത്ത ഒരു ഹൃദയം.

അവള്‍ ഒരിക്കലെങ്കിലും ഇത് അറിയുമോ എന്തോ?
അന്ന് - ഈ പ്രണയം എന്നോട് അവള്‍ക്കുണ്ടാവുമോ എന്തോ?

Wednesday, October 10, 2012

രാത്രി


എന്നെ ഉറക്കാന്‍ എന്ന പോലെ രാത്രി എന്നും വരാറുണ്ട്
രാത്രി മയങ്ങിയാലും, ഞാന്‍ മയങ്ങിയാലും, ഈ മനസ്സ് മയങ്ങാറില്ല.
തടസ്സം എന്തെന്ന് മനസ്സിനോട് ചോദിച്ചാല്‍ - പറയും,
"ഇന്നു ഞാന്‍ അവളുടെ ഓര്‍മകളില്‍ ആണ് - ഈ രാത്രി നാളെയും വരും!"


എങ്കിലും പൂട്ടാറുണ്ട് ഞാന്‍ എന്‍റെ മിഴികള്‍, 
സ്വപ്നങ്ങളില്‍ അവളെ കണ്ടുമുട്ടാന്‍!

സ്വപ്നം


ഒരു കൊച്ചു സ്വര്‍ഗം തന്നെ ആയിരുന്നു സ്വപ്നങ്ങളില്‍
സ്വപ്നം കാണിച്ചതും എന്നെ അവളായിരുന്നു
ഇനി എനിക്ക് വേണ്ട ആ സ്വര്‍ഗം 
സ്വപ്നങ്ങളും ഇനി എനിക്ക് വേണ്ട
കാറ്റായും മഴയായും വന്നു നീ എന്നെ ഉണര്‍ത്തരുത്
ഓര്‍ക്കുവാന്‍ ഇനി ഓര്‍മ്മകള്‍ ഇല്ലെനിക്ക്
ഒഴുക്കുവാന്‍ ഇനി കണ്ണീരും ഇല്ലെനിക്ക്  
വേര്‍പാടിന്‍റെ മുറിവുകള്‍ ഉണങ്ങി തീരും മുന്പേ
വീണ്ടും മുറിവുകള്‍ നീ നല്‍കരുതെനിക്ക്.



Oh Rose!!


Budded in the snow and bloomed in the rain
Oh rose! the story still remain
the beauty you possess and the fragrance you scatter
makes this world choose Love over Matter
Though been slain-ed for any lovers gain
Never you drop a tear of pain
and from your life, the day you part

starts the story of two human heart
Love comes on again and again
Oh rose! the story still remain.

നീ ആരെയാണ് കാത്തിരിക്കുന്നത് ?

അങ്ങനെ അവസാനത്തെ യാത്രികനും കടന്നു പോയി
മനമേ - ഇനി നീ ആരെയാണ് കാത്തിരിക്കുന്നത് ?

ഇരുളിന്‍റെ ആധിപത്യത്തില്‍ ഈ പകലു പോലും കീഴടങ്ങി
ചിന്നി ചിതറിയ താരകങ്ങളുമായി ഈ ആകാശവും ഉറക്കമായി
തന്‍റെ നിഴല്‍ നോക്കി നില്‍ക്കുന്ന തെരിവു വിളക്കിന്‍ ചുവട്ടില്‍
മനമേ - ഇനിയും നീ ആരെയാണ് കാത്തിരിക്കുന്നത് ?

കാല്‍പ്പാടുകള്‍ മായിച്ച തണുത്ത കാറ്റില്‍
നീണ്ടു നിവര്‍ന്ന ഈ പാതകള്‍ പോലും ഉറക്കമായി
ചുറ്റും കറുത്ത ചായം പുരട്ടി ഭീതി നിറക്കുന്ന ഈ രാത്രിയില്‍

മനമേ
- ഇനിയും നീ ആരെയാണ് കാത്തിരിക്കുന്നത് ?

കെടുത്തിക്കളയൂ ആ വെളിച്ചം - തല്ലി ഉടക്കൂ ആ ചില്ലുകള്‍
മായ്ച്ചു കളയൂ നീ നിന്‍റെ ഓര്‍മ്മകള്‍
ഹൃദയത്തിന്‍റെ തുറന്നിട്ട വാതിലുകളെല്ലാം താഴിട്ടു പൂട്ടി

നിന്‍റെ സ്വപ്നങ്ങളെ എല്ലാം നീ തിരികെ അയക്കൂ

ആരും വരില്ല ഇനി ഇന്നീ പാതയില്‍
എല്ലാം നിശബ്ദമാണ് ഇനി ഇന്നീ രാത്രിയില്‍
താരകള്‍ പോയി മറയും മുന്പേ
കണ്ണുനീര്‍ വാര്‍ന്നു തോരും മുന്പേ
ഇരുളിന്‍റെ മതിലകങ്ങളില്‍ നീയും മെല്ലെ ഉറക്കമാകൂ....


തല്ലിക്കെടുത്തിയ വെളിച്ചവും, മയച്ചു കളഞ്ഞ ഓര്‍മ്മകളും
പൂട്ടിക്കെട്ടിയ കവാടങ്ങളും, മുട്ടിവിളിച്ച സ്വപ്നങ്ങളും
ഒന്നും തന്നെ വകവെക്കാതെ
-
ഇനി ആരും വരില്ലെന്നറിഞ്ഞിട്ടും

മനമേ - ഇന്നും നീ ആരെയാണ് കാത്തിരിക്കുന്നത് ?