Wednesday, October 10, 2012

നീ ആരെയാണ് കാത്തിരിക്കുന്നത് ?

അങ്ങനെ അവസാനത്തെ യാത്രികനും കടന്നു പോയി
മനമേ - ഇനി നീ ആരെയാണ് കാത്തിരിക്കുന്നത് ?

ഇരുളിന്‍റെ ആധിപത്യത്തില്‍ ഈ പകലു പോലും കീഴടങ്ങി
ചിന്നി ചിതറിയ താരകങ്ങളുമായി ഈ ആകാശവും ഉറക്കമായി
തന്‍റെ നിഴല്‍ നോക്കി നില്‍ക്കുന്ന തെരിവു വിളക്കിന്‍ ചുവട്ടില്‍
മനമേ - ഇനിയും നീ ആരെയാണ് കാത്തിരിക്കുന്നത് ?

കാല്‍പ്പാടുകള്‍ മായിച്ച തണുത്ത കാറ്റില്‍
നീണ്ടു നിവര്‍ന്ന ഈ പാതകള്‍ പോലും ഉറക്കമായി
ചുറ്റും കറുത്ത ചായം പുരട്ടി ഭീതി നിറക്കുന്ന ഈ രാത്രിയില്‍

മനമേ
- ഇനിയും നീ ആരെയാണ് കാത്തിരിക്കുന്നത് ?

കെടുത്തിക്കളയൂ ആ വെളിച്ചം - തല്ലി ഉടക്കൂ ആ ചില്ലുകള്‍
മായ്ച്ചു കളയൂ നീ നിന്‍റെ ഓര്‍മ്മകള്‍
ഹൃദയത്തിന്‍റെ തുറന്നിട്ട വാതിലുകളെല്ലാം താഴിട്ടു പൂട്ടി

നിന്‍റെ സ്വപ്നങ്ങളെ എല്ലാം നീ തിരികെ അയക്കൂ

ആരും വരില്ല ഇനി ഇന്നീ പാതയില്‍
എല്ലാം നിശബ്ദമാണ് ഇനി ഇന്നീ രാത്രിയില്‍
താരകള്‍ പോയി മറയും മുന്പേ
കണ്ണുനീര്‍ വാര്‍ന്നു തോരും മുന്പേ
ഇരുളിന്‍റെ മതിലകങ്ങളില്‍ നീയും മെല്ലെ ഉറക്കമാകൂ....


തല്ലിക്കെടുത്തിയ വെളിച്ചവും, മയച്ചു കളഞ്ഞ ഓര്‍മ്മകളും
പൂട്ടിക്കെട്ടിയ കവാടങ്ങളും, മുട്ടിവിളിച്ച സ്വപ്നങ്ങളും
ഒന്നും തന്നെ വകവെക്കാതെ
-
ഇനി ആരും വരില്ലെന്നറിഞ്ഞിട്ടും

മനമേ - ഇന്നും നീ ആരെയാണ് കാത്തിരിക്കുന്നത് ?

No comments:

Post a Comment