Monday, December 9, 2013

ഞാൻ

എന്റെ പേര് നിനക്കറിയാം
എന്റെ കഥ അറിയില്ല ,
എന്റെ സന്തോഷങ്ങൾ അറിയാം
വിഷമങ്ങൾ അറിയില്ല ,
എന്റെ മുറിവുകൾ കാണാം
വേദനകൾ അറിയില്ല,
എന്റെ മുഖം നിനക്ക് വായിക്കാം
മനസ്സ് പറ്റില്ല!!

സ്വപ്‌നങ്ങൾ

മയക്കത്തിൽ കണ്ട
സ്വപ്നങ്ങളെക്കുറിച്ചോർത്ത്
ഞാൻ എന്നും ഉണരാറുണ്ട്.

എന്നെങ്കിലും എന്നെക്കുറിച്ചോർത്തെന്റെ
സ്വപ്‌നങ്ങൾ ഉണർന്നെങ്കിൽ !!

Sunday, November 17, 2013

എത്രയോ കാത്തിരുന്നു

മാമഴത്തുള്ളികൾ,
തുള്ളിത്തുളുമ്പുമീ
അമ്പലക്കൽപ്പടവിൽ,

മിന്നലിൻ നൂലുകൾ,
മുത്തുകൾ കോർക്കുമീ
രാത്രിതൻ മാറഴകിൽ,

ഇത്തിരി എരിയുവാൻ, 
ഇത്തിരി നനയുവാൻ
എത്രയോ കാത്തിരുന്നു, 

തെന്നലിൻ വഴികളിൽ, 
പാതി നിലാവത്ത്
കാവിലെ ആലിലകൾ.

ചന്ദനക്കുറികളും,
തിരികളും നനയുമീ 
ഏകാന്ത യാമങ്ങളിൽ,

ചിലങ്കകൾ കെട്ടിയ
മഴയുടെ താളങ്ങൾ,
മണ്ണിന്റെ തകിലടികൾ,

ഇത്തിരി ഒഴുകുവാൻ
ഇത്തിരി നുകരുവാൻ
എത്രയോ കാത്തിരുന്നു,

ഒരു കുടക്കീഴിൽ,
ആ നീല രാത്രിയിൽ,
മുകിലിന്റെ നൊമ്പരങ്ങൾ.

Thursday, November 14, 2013

ഞാൻ ചേരാം

തനിയെ വിടരുന്ന
പൂവിന്റെ ഹൃദയത്തിൽ,
നീ ഒരുകണം മധുവായ്
നിറയുമെങ്കിൽ,

അനവഹിതമായൊരു
മുകിലിന്റെ മാറിൽ,
നിന്നൊരുതുള്ളി മഴയായ്
ഞാൻ പൊഴിയാം.

നിനക്കായി കരുതിവെച്ച
സ്വപ്നങ്ങളോരോന്നും
ഇന്നൊരുമഴത്തൂവലായി
തഴുകുമെങ്കിൽ,

നിന്റെ മിഴിച്ചെപ്പിനിതളിൽ
മയങ്ങുവാൻ,
നിന്നിലൊരശ്രുവായ്
ഞാൻ ചേരാം. 

Monday, November 11, 2013

വിദൂരമാണ് പ്രണയം

മിഴികളിൽ ഇന്നാരുടെയോ
സ്വപ്‌നങ്ങൾ നിറയുന്നുണ്ട്,

ഇടനെഞ്ഞിലെവിടെയോ ഒരു
കൊടുങ്കാറ്റ് വീശും പോലെ,

ഓർമകളിലെ വഴികളിലൂടെ
ഇന്നെത്രദൂരം സഞ്ചരിച്ചിട്ടും,

വിവര്‍ണ്ണമാണ് കാലം,
വിദൂരമാണ് പ്രണയം.

നാം എന്തിനു കാത്തുനിൽക്കണം ?

 വിധി അതിന്റെ ദിശകൾ ഭേതിച്ച് 
സ്വതേ നമ്മിലേക്കെത്തും, 
നാം എന്തിനു കാത്തുനിൽക്കണം ?
നമുക്കീനിമിഷം ആഹ്ലാദിക്കാം, 
നിമിത്തങ്ങളെല്ലാം പിന്നീട് തേടാം.

വിധി അതിന്റെ ദിശകൾ ഭേതിച്ച്
സ്വതേ നമ്മിലേക്കെത്തും,
നാം എന്തിനു കാത്തുനിൽക്കണം ?
നമുക്കീനിമിഷം ആഹ്ലാദിക്കാം,
നിമിത്തങ്ങളെല്ലാം പിന്നീട് തേടാം.

Saturday, October 19, 2013

മനമങ്ങനെ സഞ്ചരിക്കും

കോലങ്ങൾ അഴിഞ്ഞിടുന്ന 
നിമിഷങ്ങളിൽ,
ചായങ്ങൾ പടർന്നാടും
ലഹരിയിൽ, 
ഗൂഢമായ വഴികളിലൂടെ 
മനമിങ്ങനെ സഞ്ചരിക്കും.

വിരാമങ്ങളില്ലാതെ 
അഴിമതികൾ,
തടയാനാവാതെ 
അതിക്രമങ്ങൾ,
അഗതിയുടെ തെരുവിലൂടെ,
ചെറ്റത്തരങ്ങളിന്നും നടമാടുന്നു.

നൈരന്തര്യമായ
തോൽവികൾ,
പിടിവിടാതിന്നും
ദുർവിധികൾ,
ഉദരങ്ങളിൽ ദാരിദ്ര്യമേന്തി
ചിലർ സർവ്വം തകർന്നാടുന്നു.

തിരിതാഴുമ്പോളൊരു
ഭയമുണരും,
നെഞ്ചിനടിത്തട്ടിലെവിടെയോ
ഒരു കനലുണരും,
ചെറുത്തുനിൽക്കാനാവാതെ, നിസ്സഹായനായി,
മനമങ്ങനെ വീണ്ടും സഞ്ചരിക്കും.

Monday, October 7, 2013

പിന്നീടു - നമുക്കോർമയാവാം.

നീ തന്ന മുറിവുകളോരോന്നുമിങ്ങനെ
ഉണങ്ങാതെ നിൽക്കുന്നതെന്തെ ?
വാടിക്കരിഞ്ഞൊരു തണ്ടിലെ ഇതൾ പോലെ,
വാടാതെ നിൽക്കുന്നതെന്തെ ?

ഇങ്ങനെയും ദൂരങ്ങൾ ഉണ്ടാവുമോ,
നീയിങ്ങരികെയും - ഞാൻ എകനായ്.
ഇങ്ങനെയും  തീർപ്പുകളുണ്ടാവുമോ,
നീയീമിടിപ്പിലും - ഞാൻ ശൂന്യമായ്.

നിറയൂ നീയെന്നിലൽപ്പനേരം
ഇരുളായ്, വെട്ടമായ്, ശ്വാസമായ്,
നിണമായ്,നിദ്രയായ്, മൃതിയായ്,
പിന്നീടു - നമുക്കോർമയാവാം.

Sunday, September 29, 2013

ഇനിയും പോകാൻ എത്ര ദൂരം?

ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ,
ഒരു കാലവർഷം മനസ്സിലൊതുക്കി, 
എന്റെ ഓർമകൾ നീട്ടിയ തണലിൽ -
ഞാൻ നടന്നുപോയതിന്നെത്ര ദൂരം?

തിളച്ചു മറിഞ്ഞ പകലിനിന്ന്
മരണത്തിന്റെ ഗന്ധമായിരുന്നു,
ഒരായിരം കനൽക്കട്ടകൾ വിരിച്ച വഴിയിലൂടെ - 
ഞാൻ നടന്നുപോയതിന്നെത്ര ദൂരം?

ഇരുട്ട് പടർന്ന പാതയിലിന്ന്,
വഴിവിളക്കുകൾ തെളിഞ്ഞപ്പോൾ,
പൊട്ടിച്ചിതറിയ കുറെ സ്വപ്നങ്ങളുമായി
ഞാൻ നടന്നുപോയതിന്നെത്ര ദൂരം?

ശൂന്യതയിലിന്നു നിലാവ് മാത്രം.
ആരും കാണാതെ, ആരോരുമറിയാതെ,
നോവിന്റെ കടൽത്തീരങ്ങളിലൂടെ -
ഇനിയും പോകാൻ എത്ര ദൂരം?

Wednesday, August 7, 2013

ഞാനിന്ന് ആകാശത്തിലാണ്

ഞാനിന്ന് ആകാശത്തിലാണ്-
ചുറ്റും നീലിച്ച നിശബ്ദത,
കരയുമില്ല കടലുമില്ല,
ഇന്നിവിടെ ഞാൻ മാത്രം, 

എന്റെ മിടിപ്പും ശ്വാസവും മാത്രം.
ഈ ഉയരങ്ങളിൽ, ഈ ഏകാന്തതയിൽ,
വേദനയുടെ മേഘങ്ങൾക്കിടയിൽ,
ഹൃദയം ഒരു നിമിഷം പതറി. 
ആഴമേറിയ വിസൃമൃതികളിൽ,
എകാകിത നിമിഷങ്ങളിൽ,   

എത്രയോ കഥകൾ - ഇന്ന് മനസ്സിൽ.
എങ്ങനെ ചൊല്ലാൻ - ആരോട് വർണിക്കാൻ
ഞാനിന്ന് ആകാശത്തിലാണ്
ചുറ്റും നീലിച്ച നിശബ്ദത!!

Friday, March 8, 2013

വേര്‍പാട്

അശാന്തമായി ഹൃദയങ്ങള്‍,
അനാഥമാകും സ്വപ്‌നങ്ങള്‍,
വേര്‍പിരിയും ആത്മാക്കള്‍, 
വിടപറയും ഓര്‍മ്മകള്‍. 

നിശബ്ദമാണ് പ്രണയം,
അവ്യക്തമാണ് ചിന്തകള്‍, 
അലയുകയാണ് നിഴലുകള്‍, 
അടരുവാനാവാതെ മോഹങ്ങള്‍. 

ദുഃഖമായി, മരണമായി,
മുട്ടിവിളിക്കുന്നുണ്ടൊരു കടല്‍, 
അന്യോന്യമിനി മറക്കണം നാം,
അവ്വിധമിനി അകലണം നാം

Sunday, March 3, 2013

ആരാണ് ?

എപ്പോഴാണീ മനസ്സിലെ
മഴവില്ല് മാഞ്ഞത്?

എന്നായിരുന്നു നിറങ്ങളെല്ലാം
മങ്ങിത്തുടങ്ങിയത്?

നൊമ്പരങ്ങള്‍ തിമിര്‍ത്താടിയ
നിമിഷങ്ങളില്‍, 
ഒരു മഴക്കാലം കണ്ണിലൊഴുക്കി
എന്നെ നനച്ചതാരാണ്?

Sunday, February 3, 2013

തനിച്ചിരുന്നു പിന്നെയും

വീണ്ടുമിന്നീ മണലില്‍
നിന്‍റെ പേര് ഞാനെഴുതി,
തനിച്ചിരുന്നു പിന്നെയും, 
ഞാനും, ഈ തീരവും..

ദൂരങ്ങളെല്ലാം താണ്ടി
തേടിപ്പിടിച്ചു ഞാന്‍ എത്തിയേനെ,
ചിലപ്പോള്‍ വഴികളില്ലായിരുന്നു,
ചിലപ്പോള്‍ ചുവടുകളും ഇടറി ...

ഓര്‍മകളുടെ ഒരു കൊടുങ്കാറ്റ്
വീശിയതുപോലിന്നു മനസ്സില്‍,
മിഴികളിങ്ങനെ തളര്‍ന്നിട്ടില്ല,
ഈ അടുത്ത കാലത്തെങ്ങും...

Monday, January 28, 2013

മിഴികള്‍ക്കിത്ര ഭാരമെന്തേ ?

മനമിന്നിത്ര വാചാലമെന്തേ ?

ചില ശൂന്യതകള്‍ അങ്ങനെയാവും,
സകല സുഖദുഃഖങ്ങളും  ആവാഹിച്ച്
മൗനങ്ങളിലങ്ങനെ...

അസ്വസ്ഥമീ ഹൃദയമെന്തേ ?

ചില മൗനങ്ങള്‍ അങ്ങനെയാവും,
നിശബ്ദമായി, മനസ്സിലെവിടെക്കെയോ
മുറിവുകളേല്‍പ്പിച്ചങ്ങനെ... 

മിഴികള്‍ക്കിത്ര ഭാരമെന്തേ ?
 
ചില നൊമ്പരങ്ങള്‍ അങ്ങനെയാവും,
വേദനകളൊന്നുമറിയിക്കാതെ  
കണ്ണീരുകളുമൊഴുക്കിയങ്ങനെ...

Tuesday, January 22, 2013

ഈ മനസ്സില്‍ ഇന്നും

വഴിപടങ്ങള്‍ നോക്കിയുള്ള 
ഒരു യാത്രയിലാണ് ഞാന്‍,  
ലക്ഷ്യത്തിലെത്താന്‍ ഇനിയെത്ര 
ദൂരം എന്നെനിക്കറിയില്ല.

സ്ഥലകാലങ്ങള്‍ മറന്ന് ,
കാടും മേടും കടന്നുള്ള 
ഈ യാത്രയില്‍, നിന്‍റെ 
പ്രണയത്തിന്‍റെ ഓര്‍മ്മകള്‍..

നിറങ്ങളായ്‌, മണങ്ങളായ്,
സ്വരങ്ങളായ്, ചിത്രങ്ങളായ്,
ഇന്നും ഈ മനസ്സില്‍
വളരെ ഭദ്രം.

Monday, January 21, 2013

സ്വപ്‌നങ്ങള്‍

നിദ്രകളെല്ലാം 
ഇമകളിലൊതുക്കി, ഇന്നീ 
മഴമേഘങ്ങള്‍ക്ക് കൂട്ടായി 
ഞാന്‍ ഉണര്‍ന്നിരിക്കാം..

ഒരു കൈക്കുമ്പിള്‍ നിറയെ 
താരങ്ങളുമായി,
മുത്തുകള്‍ കോര്‍ത്തെടുത്ത
മിഴിയിതളുകളില്‍, 
നിറമുള്ള, മിന്നുന്ന 
സ്വപ്‌നങ്ങള്‍ അലങ്കരിക്കാന്‍,
ഓര്‍മകളുടെ നടവരമ്പിലൂടെ, 
തട്ടിത്തടഞ്ഞങ്ങനെ, എന്‍റെ 
കണ്ണുകളിലേക്കുള്ള നിന്‍റെ 
വരവും കാത്ത്.

Monday, January 14, 2013

നിന്നോട് പറയാന്‍

നീയെന്നും ഒരു തുറക്കാത്ത 
വാതില്‍ പോലെ , അതില്‍ 
ഒരു മുട്ടിവിളിയായി ഞാന്‍ 
എത്രയോ നാളുകളിങ്ങനെ ...

ചുവടുകളുടക്കി ആരോരുമില്ലാതെ 
ഏതോ വീഥികളില്‍, എന്‍റെ 
ചിതറിത്തെറിച്ചൊരു നിഴലുമായ് 
ഒരു തുറന്ന പുസ്തകം പോലെ.

അടങ്ങാതങ്ങനെ ഗതിമാറ്റി,
ബഹളം കൂട്ടിയ  ശ്വാസവുമായ്  
അതിരുകള്‍ക്കപ്പുറം ദൂരങ്ങളിലേക്കങ്ങനെ 
നോക്കിയിരിക്കാം, ഹൃദയമെരിയ്ക്കാം.

മനസ്സിലൊരായിരം മുറിവുകള്‍ 
ഇന്നും ചോരപൊടിച്ചു നീറുന്നു,
അഗദങ്ങള്‍ തേടിയിറങ്ങിയ എന്‍റെ 
ചിന്തളെല്ലാം വളരെ അകലെയാണ്. 

വഴികളേതെങ്കിലും തേടിപ്പിടിച്ചെത്തും 
നീ എന്‍റെ കണ്മുന്നിലൊരിക്കല്‍, അന്ന് 
ആ വഴിവക്കിലിരുന്ന് നിന്നോട് പറയാന്‍ 
ഓർമ്മകൾ കെട്ടിപ്പടുക്കിയ ഒരു കഥയുണ്ട്.

Saturday, January 12, 2013

ഇനിയും വേണം ലക്ഷങ്ങള്‍..!!

തളരുമ്പോള്‍,
നിലത്തിരിക്കുന്ന അമ്മയുടെ
മടിയില്‍ തലചായ്ച്ചുറങ്ങുന്ന
ഒരു കാലമുണ്ടായിരുന്നു,
മേത്തയില്ല, തലയണയില്ല
വിരിക്കാന്‍ ഒരു പായും
പുതക്കാന്‍ അച്ഛന്‍റെ കൈകളും -

വിശന്നപ്പോള്‍,
സ്നേഹത്തോടെ  ഉരുട്ടി
വായിലേക്ക് വച്ചുതന്ന
ഒരുരുള ചോറ് കൊണ്ട്
നിറഞ്ഞു, വയറും മനസ്സും.

ആ കുട്ടി വളര്‍ന്നു വലുതായി,
പഠിച്ചവന്‍ എഞ്ചിനീയറായി,
ജീവിതത്തിന്‍റെ മാരത്തോണ്‍
മത്സരത്തില്‍, അവനുമിന്നൊരു
സ്ഥാനാര്‍ഥി ആയി.

ലക്ഷങ്ങള്‍വാരുന്ന തിരക്കിലാണ്,
അമ്മയോടോന്നു മിണ്ടിയിട്ടിന്നു
രണ്ടാഴ്ചക്കു മേലെയായി,
അച്ചനസുഖം കുറവുണ്ടോന്നറിയില്ല,
എന്തായാലും അയക്കും ഈ മാസവും,
മുടങ്ങാതെ ഒരു മുപ്പതിനായിരം.

കമ്പനിയില്‍ ഹൈ-പോസ്റ്റാണ്,
അതിനൊത്ത സാലറിയുമുണ്ട്.
ടൂ ബെഡ്രൂം അക്കോമടേഷനും,
ടൊയോട്ടാ കാമറി വണ്ടിയുമുണ്ട്.
ആടോമാടിക് വാഷിംഗ്‌  മെഷീനും, 
46 ഇഞ്ച്‌ എല്‍.ഇ.ടി ടീവിയും,
ലേറ്റസ്റ്റ് ആപ്പിള്‍ ഫോണുമുണ്ട്.

എന്നിട്ടും, ഇനിയും വേണം ലക്ഷങ്ങള്‍.

കൊച്ചിയിലൊരു ഫ്ലാറ്റ് വാങ്ങണം
ഒത്താല്‍ ഒരു വില്ല ബംഗ്ലൂരും,
വൈഫ്‌നു ആലുക്കാസ് ഗോള്‍ഡും,
മകന് എം ബി ബി എസ് അഡ്മിഷനും,
മകള്‍ക്ക് യു എസ് വരനെ നോക്കണം,
സ്ത്രീധനമായൊരു ബെന്‍സും.

വീക്കെണ്ടുകളില്‍ ഷോപ്പിംഗ്‌ ഉണ്ട്,
ചിലപ്പോളൊക്കെ പാര്‍ട്ടികളും.
മുന്തിയ ഇനം വിസ്ക്കികളുണ്ട്,
കഴിക്കാന്‍ കെണ്ടുക്കി ഫ്രൈയ്യുമുണ്ട്.
പൊങ്ങച്ചത്തിനു പെപ്പെ ജീന്‍സും,
അടിടാസിന്‍റെ കൂടിയ ഷൂവുമുണ്ട്.
നാലാളറിയണം, നാടെല്ലാം പറക്കണം,
ഉണ്ടും ഉടുത്തും കുടിച്ചും കൂത്താടാന്‍,

ഇനിയും വേണം ലക്ഷങ്ങള്‍

തളരുന്നുണ്ടീ ഓട്ടത്തില്‍,
എ.സി.യുടെ കാറ്റടിച്ചു തണുത്ത 
കിംഗ്‌ സൈസ്   മെത്തയുണ്ട്,
ഓര്‍ത്തോപ്പെടിക്ക്  തലയണയുണ്ട്, 
പുതക്കാന്‍ കോസ്റ്റലി പുതപ്പുണ്ട്,
എണ്ണയും കൊഴുപ്പും കയറ്റി
നിറച്ചൊരു പള്ളയുമുണ്ട്,
ഉറക്കം വരാറില്ല...

ഇനിയും വേണം ലക്ഷങ്ങള്‍..!!

Tuesday, January 1, 2013

ഡയറി

മറന്നിരിപ്പുണ്ട്‌, അലമാരക്കുള്ളില്‍ 
എന്‍റെ ഒരു പഴയ ഡയറി.
ഭൂതകാലം കുത്തിക്കുറിച്ചുവച്ച
ഒരു കറുത്ത ഡയറി.
മുന്‍പേജില്‍ കാണും എന്‍റെ
പേരും വിലാസവും,
അടിയില്‍ ചിലപ്പോള്‍ എന്‍റെ
ഫോണ്‍ നമ്പറും.

തുറന്നൊന്നു നോക്കണം ....

വെടിപ്പുള്ള കൈയ്യക്ഷരങ്ങളില്‍ 
ഉരുട്ടിയിട്ട വാക്കുകളുണ്ടാവും,
ചായങ്ങളാല്‍ അഴകുപടര്‍ത്തി 
ഏട്പുറങ്ങളുണ്ടാവും.

ഉള്‍ത്താളുകളില്‍.... 

ചില പേരുകളോടോപ്പംച്ചേര്‍ന്ന 
ചുവന്ന ചിഹ്നങ്ങളുണ്ടാവും, 
കണ്ണീരൊഴുകി കൂട്ടംപിരിഞ്ഞ 
വാക്യസമൂഹങ്ങളുണ്ടാവും,
വാടിക്കരിഞ്ഞ്, പൊടിഞ്ഞൊടിഞ്ഞ 
പനിനീര്‍പ്പൂവിന്‍റെ ഇതളുകളുമുണ്ടാവും,

കത്തുകളുണ്ടാവും, കവിതകളുണ്ടാവും,
അധിക്ഷേപങ്ങളും, ആഭാസ്യങ്ങളുമുണ്ടാവും,
സന്തോഷങ്ങളും സങ്കടങ്ങളുമുണ്ടാവും ,
ഞാനും എന്‍റെ ഓര്‍മ്മകളുമുണ്ടാവും

അന്തിമകടലാസില്‍....


അലസമായി എഴുതിയ 
ചില ഓര്‍മ്മക്കുറിപ്പുകള്‍,
ചില തീയതികള്‍, ചില ഇടപാടുകള്‍,
ചില സംഘ്യകള്‍പല വര്‍ണ്ണങ്ങള്‍.

ഇന്ന് ജനുവരി ഒന്ന്..... 

തുറന്നിരിപ്പുണ്ട്, മേശമുകളില്‍ 
എന്‍റെ ഒരു പുതിയ ഡയറി.
അക്ഷരങ്ങള്‍ക്ക് ജന്മംനല്‍കുവാന്‍ 
തയ്യാറായൊരു എഴുത്തുമുനയും. 
മുന്‍പേജിലുണ്ടെന്‍റെ പേരും
വിലാസവും, അടിയിലുണ്ടെന്‍റെ 
ഫോണ്‍ നമ്പര്‍..!