Saturday, November 17, 2012

സ്വപ്നത്തെരുവില്‍

വീണ്ടുമാ സ്വപ്നത്തെരുവിലേക്കെത്തുവാന്‍,
എന്നെത്തെയും പോലുറക്കമായി ഞാന്‍.
മങ്ങിയ നിറമുള്ള സ്വപ്‌നങ്ങള്‍ തേടി ഞാന്‍
ഓടുന്ന നേരത്തിലെപ്പോഴോ,
ഇടനെഞ്ഞില്‍ പിടയുന്ന ഹൃദയത്തിന്‍ ഭിത്തിയില്‍
കോറി വരച്ച എന്നോര്‍മ്മകള്‍ കണ്ടു ഞാന്‍.

പലവട്ടം തിരിഞ്ഞു ഞാന്‍ നോക്കിയിട്ടും

ആ തെരുവില്‍ മറ്റാരെയും കണ്ടില്ല.
കൂടെ ചലിച്ച എന്‍ നിഴലു പോലും, ഇന്ന്
നിശ്ചലനായ് അങ്ങകലെനിന്നു.
കോരി ചൊരിഞ്ഞ നിലാവിന്‍റ നെഞ്ചിലും
കോറി വരച്ച  എന്നോര്‍മ്മകള്‍ കണ്ടു ഞാന്‍. 

ഉറഞ്ഞു മറഞ്ഞൊരു കാലങ്ങളെല്ലാം 
ഇന്നുദിച്ചു നിന്നു തീഗോളങ്ങളായി 
ഇമകളുടെ മറവിലെ കൂരിരുട്ടില്‍ 
അജ്ഞാതമായൊരു തീ പടര്‍ത്തി 
മനസ്സില്‍ തീരാത്ത  പരിഭവവുമായി,
എന്നോര്‍മ്മകളെല്ലാം മിഴിച്ചു നിന്നു.

ദൂരങ്ങളില്‍ പോയിമറഞ്ഞ ആ ഗാനത്തിന്‍,

വരികളെല്ലാം ഇന്നുണര്‍ന്നുവന്നു.
ഇടറിയ സ്വരങ്ങളും ഇരുളിന്‍റെ മൗനവും,
നിറയുന്ന നെഞ്ചിലെ തേങ്ങലുമായ്,
വഴിതെറ്റിപ്പോയൊരു സ്വപ്നത്തെരുവില്‍,
ഇന്നുറക്കമില്ലാതെ ഞാന്‍ അലയുന്നുവോ.....

Thursday, November 15, 2012

ഓര്‍മകളുടെ ഉമ്മറപ്പടി

ഓര്‍മകളുടെ ഉമ്മറപ്പടിയിറങ്ങി, കൈക്കുമ്പിളില്‍ ഒരു കടലുമായി,
ദൂരങ്ങള്‍ താണ്ടി ഞാനെത്തിയപ്പോള്‍..
പിന്‍വിളികള്‍കൊണ്ടാരോ പുറകിലേക്കപ്പോഴും
തിരികെവലിക്കുംപോലെ തോന്നി, അപ്പോള്‍.

പാതിവഴിയിലെ പേരറിയാ നഗരത്തില്‍
ഞാനെന്‍റെ ജീവിത ഭാരമേറി ...
തിങ്ങിതിരുകുന്ന വീഥികളില്‍,
അന്നങ്ങോളമിങ്ങോളം ഓടിയപ്പോള്‍...
പുറകിലേക്കപ്പോഴും തിരികെവലിച്ച ആ വിളികളെ
ഞാന്‍ പുറം തള്ളി, അപ്പോള്‍.

ഒരിറ്റു ദാഹജലം തേടി അലയുമ്പോള്‍,
കണ്ടില്ല ഞാന്‍ എന്നെ കണ്ടവരെ... 
ഒരു കവിള്‍ വെള്ളത്തിനായി എന്‍റെ ജീവനെ
ബലികൊടുക്കും പോലെ തോന്നിയപ്പോള്‍...
പുറകിലേക്കെന്നെ തിരികെവലിച്ച ആ വിളികളെല്ലാം 
ഞാന്‍ മറന്നു, അപ്പോള്‍.

തളരാനുമാവില്ല തകരാനുമാവില്ല,
ഈ ആത്മാവിനെ കൊന്നൊടുക്കാനുമാവില്ല...
ഒരു നേരം പുകയുന്ന അടുപ്പ് നോക്കി,
വിശന്നിരിപ്പുണ്ട്  കുഞ്ഞുമക്കളപ്പോള്‍....
പുറകിലേക്കെന്നെ തിരികെവലിച്ച  ആ വിളികളെല്ലാം
പോയി മറഞ്ഞു, അപ്പോള്‍

വീണ്ടും തുടര്‍ന്ന ആ യാത്രയിലുടനീളം
കണ്ടു പിരിഞ്ഞു, കുറെ അജ്ഞാതരെ....
ജീവിത ഭാരങ്ങള്‍ തലയിലും തോളിലും
താങ്ങി പിടിച്ചവര്‍ നീങ്ങിയപ്പോള്‍...
പുറകിലേക്കെപ്പോഴോ തിരികെവലിച്ച  ആ വിളികളെല്ലാം
എരിഞ്ഞൊടുങ്ങി, അപ്പോള്‍
 
എന്നെങ്കിലും പോണം, തിരികെ എന്‍ ഓര്‍മയില്‍
കാത്തിരിപ്പുണ്ടാവും ഒരു കുഞ്ഞു ലോകം...
ഇന്നോ നാളെയോ ഈ ജീവിത ഭാരം
ഒന്നിറക്കിവെക്കാം എന്ന് തോന്നിയപ്പോള്‍...
പുറകിലേക്കെപ്പോഴോ തിരികെവലിച്ച ആ വിളികളൊരു
കുളിരായി വീശി , അപ്പോള്‍

കാലം തനിച്ചാക്കി, എന്നെയും മനസ്സിനെയും
ജീവിത ഭാരം കുമിഞ്ഞു കൂടി....
പോകണം കാണണം എന്‍റെ പൊന്മക്കളെ
എന്നൊക്കെ എപ്പോഴോ കരുതിയപ്പോള്‍....
പുറകിലേക്കെപ്പോഴോ ആരോ വിളിച്ച ആ വിളികളേതും
കേട്ടില്ല, അപ്പോള്‍.

വേനല്‍ കത്തിച്ച  ഉടലുണ്ട് ബാക്കി...
നില്‍ക്കാതെ നില്‍ക്കുമിടിപ്പുകള്‍ ബാക്കി...
കരളില്‍ നോവിന്‍റെ നിലവിളിയുമായി
വിഭ്രാന്തനായി ഞാന്‍ നട്ടംതിരിഞ്ഞപ്പോള്‍...
പുറകിലേക്കാരോ കഴുത്തില്‍ കുരുക്കിട്ടു
തിരികെവലിക്കുംപോലെ തോന്നി, അപ്പോള്‍.

അശ്രുവായി മിഴികളില്‍ തൂവിയ കടലിനെ
ആരെങ്കിലും കൈക്കുമ്പിളില്‍ നിറക്കുമോ ?
ഓര്‍മകളുടെ ഉമ്മറപ്പടികളേറി
എന്‍റെ കുഞ്ഞിന്‍റെ കൈകളില്‍ നല്‍കീടുമോ?
അതിലുണ്ട് പ്രാണനും, എല്ലാ പ്രതീക്ഷയും
ഞാനും എന്‍റെ  ആത്മാവും , മരിച്ച സ്വപ്നങ്ങളും.

Sunday, November 11, 2012

നിന്‍റെ ഓരോ സൂര്യോദയവും..

 
നിന്‍റെ ഓരോ സൂര്യോദയവും എന്‍റെ  ആയുസ്സ് വെട്ടിക്കുറച്ചിട്ടും, ജീവിതമേ - 
എനിക്കെങ്ങനെ നിന്നെ ഇത്ര മാത്രം സ്നേഹിക്കുവാന്‍ കഴിയുന്നു?

വരുമായിരിക്കും എന്നെങ്കിലും എന്‍റെ ജീവനില്‍ നീ ഒരു കനലായി, എരിച്ചു തീര്‍ക്കാന്‍ - 
നിന്നെ അത്ര മാത്രം സ്നേഹിച്ച ഒരു ഹൃദയത്തെ.

എന്നെ തരിയാക്കി, തനിച്ചാക്കും നീയെന്‍റെ ഉറ്റവരെയും ഉടയവരെയും,
അവസാനം കണ്ണീരില്‍ കുതിര്‍ത്ത ഒരു മടക്കയാത്രയും.

എന്നിട്ടും ജീവിതമേ - 
എനിക്കെങ്ങനെ നിന്നെ ഇത്ര മാത്രം സ്നേഹിക്കുവാന്‍ കഴിയുന്നു?

Saturday, November 10, 2012

എന്നുമിങ്ങനെയൊക്കെ തന്നെ ആവണം എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌

നിറമുള്ള ആകാശവും, താഴെ 
മെല്ലെ ഒഴുകുന്ന മേഘങ്ങളും -
മണമുള്ള പൂക്കളും, അതില്‍ 
തേനൂറാനെത്തുന്ന വണ്ടുകളും.

ഒരു നോക്കുകൊണ്ട് പോലും അസ്വസ്ഥനാവില്ല 
ആ കിളികുഞ്ഞ്, എന്‍റെ കൈവെള്ളയില്‍ നിന്നും 
അരിമണികള്‍ കൊത്തിപ്പെറുക്കുമ്പോള്‍.

ഒരു വാക്ക് കൊണ്ട് പോലും നോവില്ല എന്‍റെ 
ഉണ്ണിയുടെ മനസ്സ്, മാറില്‍ക്കിടന്നവനെന്നെ 
മാന്തി നോവിക്കുമ്പോള്‍.

കാലം ഇങ്ങനെ പൂത്തുലയണം, 
പുതിയ മലരുകളും, പുതിയ മണങ്ങളുമായ്.
എന്നുമിങ്ങനെയൊക്കെ തന്നെ ആവണം 
എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌.

പക്ഷെ വിധി എന്നും ഒരുപോലെ ഉണരില്ല -

ഒരിക്കല്‍ കറുത്ത് മൂടിക്കെട്ടിയ ഒരു മേഘം 
എന്‍റെ ആകാശത്തിന്‍റെ നിറം മറച്ചു - 
കൂടെ വന്ന കൊടുങ്കാറ്റു വീശിയെടുത്തത് 
നാണിച്ചെങ്കിലും ഒന്ന് വിരിയാന്‍ 
കാത്തു നിന്ന ഒരു പൂക്കാലമായിരുന്നു, അതില്‍ 
കൂടുകൂട്ടിയ ഒരു തേനീച്ചക്കൂട്ടത്തിന്‍റെ 
കൂട്ടക്കരച്ചിലുമായിരുന്നു.

ചുറ്റും ഭീതിയുടെ മണം പരത്തി എത്തിയ കാറ്റിന്‍റെ മനസ്സില്‍
കുറച്ചു നന്മ ബാക്കിയുണ്ടായിരിന്നിട്ടുണ്ടാവാം -
കൂട്ടിലിരുന്നു ഭയന്നു നിലവിളിച്ച ആ കിളിക്കുഞ്ഞിന്‍റെ 
തൂവലില്‍ ഒന്ന് തൊട്ടു തലോടി അവന്‍ യാത്ര മടങ്ങി.

ഇതെല്ലാം നോക്കിക്കൊണ്ട്‌ എന്‍റെ ഉണ്ണിയിരുന്നു 
അത്ഭുതങ്ങള്‍ കണ്ടത് പോലെ , ഒരു കുഞ്ഞു വിറയോടെ,
ഒരു നോക്ക് കൊണ്ട് പോലും നൊന്തില്ല അവന്‍റെ മനസ്സ് -
മാന്തിനോവിക്കുന്നുണ്ടായിരുന്നു എന്‍റെ മാറ് അവന്‍ - അപ്പോളും.

ആ  ദുര്‍വിധിയുടെ പകല്‍ അങ്ങനെ ഉറക്കമായി, 
ഇനിയവനുണരുമ്പോള്‍ ഒരു നിറമുള്ള ആകാശം വിരിക്കണം,
മണമുള്ള പൂക്കളും, അതില്‍ തേന്‍ നുകരാന്‍ വണ്ടുകളും ഉണ്ടാവണം,
എന്‍റെ കൈവെള്ളയില്‍ നിന്നും അരിമണികള്‍ 
കൊത്തിപ്പെറുക്കാന്‍ അന്നും - കിളിക്കുഞ്ഞുങ്ങള്‍ ഉണ്ടാവണം,
ഇതെല്ലാം കണ്ടു രസിച്ച് എന്‍റെ ഉണ്ണി കുടുകുടാ ചിരിക്കണം.

എന്നുമിങ്ങനെയൊക്കെ തന്നെ ആവണം 
എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌.

Friday, November 9, 2012

ആരുടെയോ വരവും കാത്ത് - ഇന്നും

കാല്‍നൂറ്റാണ്ടിലേറെയായ് ഞാന്‍ തനിച്ചായിട്ട് 
ആരും കടന്നു വരാത്ത ഈ വഴികളില്‍, നില്‍ക്കുന്നു ഞാന്‍
മൂകനായി, ഏകനായി - പരിഭവങ്ങള്‍ കാട്ടാതെ 
ആരുടെയോ വരവും കാത്ത് - ഇന്നും.

കൈയ്യെത്തിപ്പിടിക്കാനാവാത്ത കുറെ മോഹങ്ങളും 
മനസ്സു നിറയെ കുറെ സ്വപ്നങ്ങളുമായി 
വിങ്ങുകയാണ് ഞാന്‍ - ആരും കൂടെയില്ലാതെ 
ആരുടെയോ നിഴലും കാത്ത് - ഇന്നും.

കാലമേതെന്നറിയില്ല, എന്‍റെ  കോലമെന്തെന്നറിയില്ല 
ദിക്കേതെന്നറിയാതെ, ദിനമേതെന്നറിയാതെ 
അലയുകയാണ് ഞാന്‍, ഒരു ഭ്രാന്തനായി 
ആരുടെയോ വിളിയും കാത്ത് - ഇന്നും

അകലെ കണ്ടത് ഒരു നിഴലാവാം, കേട്ടത് ഒരു വിളിയാവാം 
ഓടിക്കിതച്ചു പോകയാണ്, ലക്ഷ്യമേതെന്നറിയില്ല 
നിഴലായി വന്ന മഴക്കാറും, വിളിയായി വന്ന ഇളം കാറ്റും 
പിന്നെ തകര്‍ത്താടിയത് എന്‍റെ നെഞ്ചിലാവാം 

നാളങ്ങളില്‍ ശ്വാസം നിലച്ചു, ഈ ഹൃദയം നിശ്ചലമായി,
ചുണ്ടുകള്‍ വിണ്ടു കീറി, കണ്ണീരെല്ലാം വാര്‍ന്നു തോര്‍ന്നിട്ടും
ആ മിഴികള്‍ തുറന്നിരുന്നു, ഇമവെട്ടാതെ  
ആരുടെയോ വരവും കാത്ത് - ഇന്നും.

Wednesday, November 7, 2012

വാശിയേറിയ പ്രണയം

നിഷ്കളങ്കമായ  ഹൃദയത്തിനു  പറയാന്‍ എന്നും ഒരു കഥ ഉണ്ടാവും -

കടലാസു കൊട്ടാരങ്ങളും, ഒരു പെരുമഴക്കാലവും
വാശിയേറിയ പ്രണയവും, കരുണയില്ലാത്ത ലോകവും മുറിവേറ്റ ശബ്ദവും, മറക്കാനാവാത്ത ഗാനവും
അക്കരെക്കുള്ള ദൂരവും, പൊട്ടിപ്പൊളിഞ്ഞ വഞ്ചിയും
ഒരു കൊടുങ്കാറ്റിന്‍റെ വരവും, അതില്‍ നഷ്ട്ടപ്പെട്ട ജീവനും

എങ്കിലും

പ്രണയം ഇന്നും തോറ്റിട്ടില്ല, ഈ ലോകം തളര്‍ന്നിട്ടുമില്ല 
ഇന്നും ആ കാറ്റുണ്ട്, അണയാതെ കത്തുന്ന ഒരു വിളക്കുമുണ്ട്
ദുഖങ്ങളും ഉണ്ട്, അതില്‍ മറഞ്ഞു പോയ സന്തോഷങ്ങളും 
നിന്‍റെ സങ്കടങ്ങളും ഉണ്ട് എന്‍റെ തോല്‍വികളും ഉണ്ട്

വീണ്ടും ഇന്ന് ആരോ നില്‍ക്കുന്നു - 
വാശിയേറിയ തന്‍റെ പ്രണയവുമായി
നിഷ്കളങ്കമായ ഹൃദയത്തിനു ഒരു കഥ കൂടി നല്‍കാന്‍. 

ഒരു നനവായി അവള്‍ എത്തിയിരുന്നെങ്കില്‍!

ഏറെ നാളായി വറ്റി വരണ്ട് കിടന്ന 
എന്‍റെ മിഴികളുടെ ഭൂമിയിലേക്ക്‌, 
ഓര്‍മ്മകള്‍ ഓടിക്കിതച്ച് എത്തിയിട്ടും, അവളുടെ 
കാലൊച്ചകള്‍ ഞാന്‍ ഒരിക്കലും കേട്ടില്ല.
വീണ്ടും കണ്ടുമുട്ടാനുള്ള ആഗ്രഹം ഉണര്‍ത്തിയത്, 
മനസ്സിന്‍റെ ആഴങ്ങളില്‍ ഒരു നോവായിരുന്നു.
കേട്ടുമടുത്ത കാരണങ്ങളും, കണ്ടുമടുത്ത സ്വപ്നങ്ങളും കൊണ്ട് ഈ ഹൃദയം ഏങ്ങിത്തുടങ്ങിയപ്പോള്‍ 
ഒരു വികൃതി കാട്ടാനെന്ന പോലെ വന്ന ആ  കാറ്റ് പോയത് -
എന്‍റെ വാതിലില്‍ മുട്ടിവിളിച്ചിട്ടായിരുന്നു.

ആ കാത്തിരിപ്പില്‍ വരണ്ടുപോയ ഈ മിഴികളില്‍,
എന്നെങ്കിലും ഒരു നനവായി അവള്‍ എത്തിയിരുന്നെങ്കില്‍!

Friday, November 2, 2012

എന്തായിരുന്നു

ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് ഞാന്‍ - 

പുസ്തകത്താളുകള്‍ പോലെ ഈ ജീവിതം,
തിരിച്ചു മറിക്കാമായിരുന്നുവെങ്കില്‍ എന്തായിരുന്നു

ഇടയ്ക്കിടെ കാണുന്ന പകല്‍ സ്വപ്നങ്ങളില്‍ ഒരെണ്ണം,
യാഥാര്‍ത്യമായിരുന്നുവെങ്കില്‍ എന്തായിരുന്നു 

ഇന്ന് ശാന്തമായ ഒരു കടല്‍ ആണ് ജീവിതം,

ആ തീരത്ത് ആരെങ്കിലും ഒന്ന് വെറുതെ കൂടെയിരിക്കാന്‍ 

വന്നിരുന്നുവെങ്കില്‍ എന്തായിരുന്നു
 
സ്നേഹം നടിച്ചു പലരും ഈ ഹൃദയത്തെ കീഴ്പ്പെടുത്തിയിട്ടുണ്ടാവാം

ഒന്നും മിണ്ടാതെ, ഒരൊറ്റ നോട്ടം കൊണ്ട് ഈ ഹൃദയം 
കവര്‍ന്നിരുന്നുവെങ്കില്‍ എന്തായിരുന്നു 

ചുറ്റും ഇന്ന് എല്ലാവരും ഉണ്ട്, എന്നാലും 

നിന്‍റെ  വേദനകള്‍ എന്നെ തളര്‍ത്തുന്നു എന്ന് പറയാന്‍ ആരെങ്കിലും  ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരുന്നു

എല്ലാവരുടെയും സന്തോഷങ്ങള്‍ക്കായി ആണ് ഇനി ബാക്കി നില്‍ക്കുന്ന ഈ ജീവിതം 
 

എന്‍റെ മരണത്തിലെങ്കിലും ആരെങ്കിലും ഒന്ന് സന്തോഷിച്ചുവെങ്കില്‍ എന്തായിരുന്നു