Thursday, November 15, 2012

ഓര്‍മകളുടെ ഉമ്മറപ്പടി

ഓര്‍മകളുടെ ഉമ്മറപ്പടിയിറങ്ങി, കൈക്കുമ്പിളില്‍ ഒരു കടലുമായി,
ദൂരങ്ങള്‍ താണ്ടി ഞാനെത്തിയപ്പോള്‍..
പിന്‍വിളികള്‍കൊണ്ടാരോ പുറകിലേക്കപ്പോഴും
തിരികെവലിക്കുംപോലെ തോന്നി, അപ്പോള്‍.

പാതിവഴിയിലെ പേരറിയാ നഗരത്തില്‍
ഞാനെന്‍റെ ജീവിത ഭാരമേറി ...
തിങ്ങിതിരുകുന്ന വീഥികളില്‍,
അന്നങ്ങോളമിങ്ങോളം ഓടിയപ്പോള്‍...
പുറകിലേക്കപ്പോഴും തിരികെവലിച്ച ആ വിളികളെ
ഞാന്‍ പുറം തള്ളി, അപ്പോള്‍.

ഒരിറ്റു ദാഹജലം തേടി അലയുമ്പോള്‍,
കണ്ടില്ല ഞാന്‍ എന്നെ കണ്ടവരെ... 
ഒരു കവിള്‍ വെള്ളത്തിനായി എന്‍റെ ജീവനെ
ബലികൊടുക്കും പോലെ തോന്നിയപ്പോള്‍...
പുറകിലേക്കെന്നെ തിരികെവലിച്ച ആ വിളികളെല്ലാം 
ഞാന്‍ മറന്നു, അപ്പോള്‍.

തളരാനുമാവില്ല തകരാനുമാവില്ല,
ഈ ആത്മാവിനെ കൊന്നൊടുക്കാനുമാവില്ല...
ഒരു നേരം പുകയുന്ന അടുപ്പ് നോക്കി,
വിശന്നിരിപ്പുണ്ട്  കുഞ്ഞുമക്കളപ്പോള്‍....
പുറകിലേക്കെന്നെ തിരികെവലിച്ച  ആ വിളികളെല്ലാം
പോയി മറഞ്ഞു, അപ്പോള്‍

വീണ്ടും തുടര്‍ന്ന ആ യാത്രയിലുടനീളം
കണ്ടു പിരിഞ്ഞു, കുറെ അജ്ഞാതരെ....
ജീവിത ഭാരങ്ങള്‍ തലയിലും തോളിലും
താങ്ങി പിടിച്ചവര്‍ നീങ്ങിയപ്പോള്‍...
പുറകിലേക്കെപ്പോഴോ തിരികെവലിച്ച  ആ വിളികളെല്ലാം
എരിഞ്ഞൊടുങ്ങി, അപ്പോള്‍
 
എന്നെങ്കിലും പോണം, തിരികെ എന്‍ ഓര്‍മയില്‍
കാത്തിരിപ്പുണ്ടാവും ഒരു കുഞ്ഞു ലോകം...
ഇന്നോ നാളെയോ ഈ ജീവിത ഭാരം
ഒന്നിറക്കിവെക്കാം എന്ന് തോന്നിയപ്പോള്‍...
പുറകിലേക്കെപ്പോഴോ തിരികെവലിച്ച ആ വിളികളൊരു
കുളിരായി വീശി , അപ്പോള്‍

കാലം തനിച്ചാക്കി, എന്നെയും മനസ്സിനെയും
ജീവിത ഭാരം കുമിഞ്ഞു കൂടി....
പോകണം കാണണം എന്‍റെ പൊന്മക്കളെ
എന്നൊക്കെ എപ്പോഴോ കരുതിയപ്പോള്‍....
പുറകിലേക്കെപ്പോഴോ ആരോ വിളിച്ച ആ വിളികളേതും
കേട്ടില്ല, അപ്പോള്‍.

വേനല്‍ കത്തിച്ച  ഉടലുണ്ട് ബാക്കി...
നില്‍ക്കാതെ നില്‍ക്കുമിടിപ്പുകള്‍ ബാക്കി...
കരളില്‍ നോവിന്‍റെ നിലവിളിയുമായി
വിഭ്രാന്തനായി ഞാന്‍ നട്ടംതിരിഞ്ഞപ്പോള്‍...
പുറകിലേക്കാരോ കഴുത്തില്‍ കുരുക്കിട്ടു
തിരികെവലിക്കുംപോലെ തോന്നി, അപ്പോള്‍.

അശ്രുവായി മിഴികളില്‍ തൂവിയ കടലിനെ
ആരെങ്കിലും കൈക്കുമ്പിളില്‍ നിറക്കുമോ ?
ഓര്‍മകളുടെ ഉമ്മറപ്പടികളേറി
എന്‍റെ കുഞ്ഞിന്‍റെ കൈകളില്‍ നല്‍കീടുമോ?
അതിലുണ്ട് പ്രാണനും, എല്ലാ പ്രതീക്ഷയും
ഞാനും എന്‍റെ  ആത്മാവും , മരിച്ച സ്വപ്നങ്ങളും.

No comments:

Post a Comment