Saturday, December 8, 2012

ഈറനണിഞ്ഞ കിനാവുകള്‍

പുലര്‍നിലാവിലെന്‍റെ 
സ്വസ്ഥമായ നിദ്രയില്‍,
ചിലങ്കകളണിഞ്ഞേതോ
തളിര്‍ത്ത സ്വപ്‌നങ്ങള്‍
ഉന്മാദനൃത്തങ്ങളാല്‍
ഈ ആത്മാവിനെ തൊട്ടുണര്‍ത്തി ...

ഒരു സന്ധ്യാദീപത്തില്‍ അസ്തമിച്ച 

എന്‍റെ ഓര്‍മ്മകള്‍ പൊഴിഞ്ഞ വഴികളില്‍ 
കാലം വീണ്ടുമിന്നെന്നെ കൈപിടിച്ചു 
വഴിനടത്തിയ നേരം ...

അളവറ്റ സ്നേഹങ്ങളും,  
വിതുമ്പിയ നൊമ്പരങ്ങളും,
ഭൂതകാലത്തിന്‍റെ കൈവഴികളില്‍ 
നിഴല്‍പ്പാടുകള്‍ക്കൊപ്പം 
ഒളിഞ്ഞും മറഞ്ഞും നില്‍ക്കുന്ന 
നിശബ്ദ സ്വപ്നങ്ങളും.

തെല്ലകലെ .....


നനുത്ത  മഴയിലൊരു പ്രണയം വിടര്‍ന്നതും,

ഉലഞ്ഞുലഞ്ഞെന്‍റെ മിഴികള്‍ നനച്ചതും,
ജലകണങ്ങളോരോന്നും അടര്‍ന്നു വീഴുമ്പോഴും,
അതിരുഭേദിച്ചൊരു പുഞ്ചിരിയുണര്‍ന്നതും,
ചിതറി പെയ്ത ആ മഴയുടെ ഓര്‍മ്മയില്‍,
നിറം പടര്‍ത്തി ഒരു മഴവില്ല് വിരിഞ്ഞതും -
ദീര്‍ഘമൗനങ്ങളായി എന്‍റെ സ്വപ്നങ്ങളില്‍ 
ചേക്കേറുന്ന  നേരങ്ങളിലെപ്പോഴോ..

ഒരോരം ചേര്‍ന്ന്..... 


പ്രകാശനൂലുകളിഴഞ്ഞു കയറി 

എന്‍റെ പുലര്‍നിലാവിനെ  യാത്രയാക്കി,
ഈറനണിഞ്ഞ കിനാവുകളെല്ലാം 
തൂവലൊതുക്കി അരങ്ങൊഴിഞ്ഞു,
കടിഞ്ഞാണിടാത്ത തെന്നലിന്‍ കിതപ്പില്‍
പുലരിയുടെ ആദ്യത്തുടിപ്പുണര്‍ന്നു.

ഉഷ്ണങ്ങളില്‍ പിറവിയെടുത്ത്

ആദിയും അന്തവുമില്ലാതെ, 
ശീലകള്‍ മാറ്റിയെത്തിയ പകലിന്‍റെ 
മറ്റൊരു പ്രവചിക്കാനാവാത്ത  
അദ്ധ്യായത്തിലേക്ക് പാദമുറപ്പിക്കാന്‍.

വീണ്ടും ഓര്‍മച്ചിത്രങ്ങള്‍ നെയ്യാന്‍!

No comments:

Post a Comment