Sunday, December 2, 2012

ഒരു പാഴ്ജന്മം

ഇനിവരും ജന്മങ്ങളിലെന്നെങ്കിലും
മണ്ണിന്‍റെ മാറിലെ മഞ്ഞുപുതപ്പില്‍ നിന്നും 
നിദ്രവിട്ടുണരുന്നൊരരിമുല്ലപ്പൂവായി
നീ വിടരുന്ന നേരവും കാത്തുകൊണ്ട്  
എങ്ങോട്ടെന്നില്ലാതെ -

രാപ്പകലോളം അങ്ങോളമിങ്ങോളം 
കുതറിയ കാറ്റിലും നോവിച്ച മഴയിലും
ആടിയും ഉലഞ്ഞും , നൊന്തും നനഞ്ഞും
ഇടവേളകളില്ലാതെ -

വിദൂരങ്ങളിലെവിടെയോ ഒരാഴമേറിയ
വേര്‍പാടിന്‍റെ ഏകാന്തതയുടെ മറവില്‍
വേദനകളൊന്നുമിനി അതിജീവിക്കാന്‍
ശേഷിയില്ലാതെ -

പതിറ്റാണ്ടുകളുടെ ദൈര്‍ഖ്യമുള്ള
നിറങ്ങള്‍ പടര്‍ന്നൊരു യാത്രക്കൊടുവില്‍
നിന്നിലേക്ക്‌  ചിറകടിച്ചെത്താന്‍ കൊതിച്ചു
വെയിലിന്‍റെ തീനാളങ്ങളാല്‍ തളര്‍ന്നു
ചിറകറ്റു നിലംപറ്റി അല്‍പ്പാല്‍പ്പമായി
നീറിമരിച്ച ഒരു ശലഭമാണ് ഞാന്‍.

നീതി നിഷേധിക്കപ്പെട്ട ഒരു പാഴ്ജന്മം. 

No comments:

Post a Comment