Saturday, October 19, 2013

മനമങ്ങനെ സഞ്ചരിക്കും

കോലങ്ങൾ അഴിഞ്ഞിടുന്ന 
നിമിഷങ്ങളിൽ,
ചായങ്ങൾ പടർന്നാടും
ലഹരിയിൽ, 
ഗൂഢമായ വഴികളിലൂടെ 
മനമിങ്ങനെ സഞ്ചരിക്കും.

വിരാമങ്ങളില്ലാതെ 
അഴിമതികൾ,
തടയാനാവാതെ 
അതിക്രമങ്ങൾ,
അഗതിയുടെ തെരുവിലൂടെ,
ചെറ്റത്തരങ്ങളിന്നും നടമാടുന്നു.

നൈരന്തര്യമായ
തോൽവികൾ,
പിടിവിടാതിന്നും
ദുർവിധികൾ,
ഉദരങ്ങളിൽ ദാരിദ്ര്യമേന്തി
ചിലർ സർവ്വം തകർന്നാടുന്നു.

തിരിതാഴുമ്പോളൊരു
ഭയമുണരും,
നെഞ്ചിനടിത്തട്ടിലെവിടെയോ
ഒരു കനലുണരും,
ചെറുത്തുനിൽക്കാനാവാതെ, നിസ്സഹായനായി,
മനമങ്ങനെ വീണ്ടും സഞ്ചരിക്കും.

Monday, October 7, 2013

പിന്നീടു - നമുക്കോർമയാവാം.

നീ തന്ന മുറിവുകളോരോന്നുമിങ്ങനെ
ഉണങ്ങാതെ നിൽക്കുന്നതെന്തെ ?
വാടിക്കരിഞ്ഞൊരു തണ്ടിലെ ഇതൾ പോലെ,
വാടാതെ നിൽക്കുന്നതെന്തെ ?

ഇങ്ങനെയും ദൂരങ്ങൾ ഉണ്ടാവുമോ,
നീയിങ്ങരികെയും - ഞാൻ എകനായ്.
ഇങ്ങനെയും  തീർപ്പുകളുണ്ടാവുമോ,
നീയീമിടിപ്പിലും - ഞാൻ ശൂന്യമായ്.

നിറയൂ നീയെന്നിലൽപ്പനേരം
ഇരുളായ്, വെട്ടമായ്, ശ്വാസമായ്,
നിണമായ്,നിദ്രയായ്, മൃതിയായ്,
പിന്നീടു - നമുക്കോർമയാവാം.