Tuesday, December 4, 2012

മണ്‍പാതകള്‍

കത്തിക്കരിഞ്ഞ ടാറിന്നടിയിലുണ്ട്
വണ്ടികള്‍ കയറി മരിച്ച മണ്‍പാതകള്‍.
ടാറിനും ടയറിനുമടിയില്‍ ഞെരുങ്ങി
കരിങ്കല്ലുകള്‍ പാകിയ, വരണ്ട മണ്‍പാതകള്‍.

കത്തിയാളുന്ന  വേനലില്‍ വെന്തും
കുത്തിപ്പെയ്യുന്ന മഴയില്‍ കുതിര്‍ന്നും,
രാത്രിയുടെ കുളിരേതും നെറുകില്‍ തലോടാതെ,
മഞ്ഞിന്‍ മണികളൊന്നും   മാറത്തണിയാതെ,
ഈ വിണ്ണിനും മണ്ണിനും സ്വന്തമാല്ലാതെ ,
ഗതികിട്ടാതലയുന്ന നിഴലുകള്‍ക്കൊപ്പം 
നിദ്രയുടെ കൂറ്റന്‍ പടുകുഴിയിലേക്ക്  
മണ്ണടിഞ്ഞു, മറഞ്ഞ മണ്‍പാതകള്‍.

തിരക്കുപിടിച്ചോടുന്ന ചക്രങ്ങളെല്ലാം 
വെട്ടിപ്പിളര്‍ക്കും നെഞ്ചിന്‍ കവാടങ്ങള്‍,
തലപൊക്കിനില്‍ക്കുന്ന  കൂറ്റന്‍ വിളക്കുകള്‍
മാറിന്നടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങും,
യന്ത്രങ്ങളെല്ലാം വാവിട്ടുകരഞ്ഞാലും,
ശബ്ദപ്രളയങ്ങള്‍ അലമുറയിട്ടാലും, 
ഇന്നെത്രയൊക്കെ നിലവിളികളുയര്‍ന്നാലും,
ആത്മാവുണരാത്ത, നരച്ച മണ്‍പാതകള്‍. 

ആണ്ടുകള്‍ അങ്ങനെത്ര കടന്നുപോയി,
ഭാരങ്ങള്‍ അങ്ങനെത്ര ചുമന്നുനീക്കി,
ഒരായിരം ശിലമുനകള്‍ സിരയില്‍ തറഞ്ഞും ,
ലാവപോല്‍ ടാറെല്ലാം ചുറ്റിപ്പുണര്‍ന്നും ,
കാലമുണരുന്നതറിയാതെ, വാനമിരുളുന്നതറിയാതെ
വിരാമമില്ലാത്ത പടയോട്ടങ്ങളില്‍,
നൊമ്പരങ്ങള്‍ തകിടം മറിഞ്ഞ രണഭൂമിയില്‍,
നിലാവസ്തമിച്ച, ഇരുണ്ട മണ്‍പാതകള്‍.

No comments:

Post a Comment