Friday, November 9, 2012

ആരുടെയോ വരവും കാത്ത് - ഇന്നും

കാല്‍നൂറ്റാണ്ടിലേറെയായ് ഞാന്‍ തനിച്ചായിട്ട് 
ആരും കടന്നു വരാത്ത ഈ വഴികളില്‍, നില്‍ക്കുന്നു ഞാന്‍
മൂകനായി, ഏകനായി - പരിഭവങ്ങള്‍ കാട്ടാതെ 
ആരുടെയോ വരവും കാത്ത് - ഇന്നും.

കൈയ്യെത്തിപ്പിടിക്കാനാവാത്ത കുറെ മോഹങ്ങളും 
മനസ്സു നിറയെ കുറെ സ്വപ്നങ്ങളുമായി 
വിങ്ങുകയാണ് ഞാന്‍ - ആരും കൂടെയില്ലാതെ 
ആരുടെയോ നിഴലും കാത്ത് - ഇന്നും.

കാലമേതെന്നറിയില്ല, എന്‍റെ  കോലമെന്തെന്നറിയില്ല 
ദിക്കേതെന്നറിയാതെ, ദിനമേതെന്നറിയാതെ 
അലയുകയാണ് ഞാന്‍, ഒരു ഭ്രാന്തനായി 
ആരുടെയോ വിളിയും കാത്ത് - ഇന്നും

അകലെ കണ്ടത് ഒരു നിഴലാവാം, കേട്ടത് ഒരു വിളിയാവാം 
ഓടിക്കിതച്ചു പോകയാണ്, ലക്ഷ്യമേതെന്നറിയില്ല 
നിഴലായി വന്ന മഴക്കാറും, വിളിയായി വന്ന ഇളം കാറ്റും 
പിന്നെ തകര്‍ത്താടിയത് എന്‍റെ നെഞ്ചിലാവാം 

നാളങ്ങളില്‍ ശ്വാസം നിലച്ചു, ഈ ഹൃദയം നിശ്ചലമായി,
ചുണ്ടുകള്‍ വിണ്ടു കീറി, കണ്ണീരെല്ലാം വാര്‍ന്നു തോര്‍ന്നിട്ടും
ആ മിഴികള്‍ തുറന്നിരുന്നു, ഇമവെട്ടാതെ  
ആരുടെയോ വരവും കാത്ത് - ഇന്നും.

No comments:

Post a Comment