Saturday, November 10, 2012

എന്നുമിങ്ങനെയൊക്കെ തന്നെ ആവണം എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌

നിറമുള്ള ആകാശവും, താഴെ 
മെല്ലെ ഒഴുകുന്ന മേഘങ്ങളും -
മണമുള്ള പൂക്കളും, അതില്‍ 
തേനൂറാനെത്തുന്ന വണ്ടുകളും.

ഒരു നോക്കുകൊണ്ട് പോലും അസ്വസ്ഥനാവില്ല 
ആ കിളികുഞ്ഞ്, എന്‍റെ കൈവെള്ളയില്‍ നിന്നും 
അരിമണികള്‍ കൊത്തിപ്പെറുക്കുമ്പോള്‍.

ഒരു വാക്ക് കൊണ്ട് പോലും നോവില്ല എന്‍റെ 
ഉണ്ണിയുടെ മനസ്സ്, മാറില്‍ക്കിടന്നവനെന്നെ 
മാന്തി നോവിക്കുമ്പോള്‍.

കാലം ഇങ്ങനെ പൂത്തുലയണം, 
പുതിയ മലരുകളും, പുതിയ മണങ്ങളുമായ്.
എന്നുമിങ്ങനെയൊക്കെ തന്നെ ആവണം 
എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌.

പക്ഷെ വിധി എന്നും ഒരുപോലെ ഉണരില്ല -

ഒരിക്കല്‍ കറുത്ത് മൂടിക്കെട്ടിയ ഒരു മേഘം 
എന്‍റെ ആകാശത്തിന്‍റെ നിറം മറച്ചു - 
കൂടെ വന്ന കൊടുങ്കാറ്റു വീശിയെടുത്തത് 
നാണിച്ചെങ്കിലും ഒന്ന് വിരിയാന്‍ 
കാത്തു നിന്ന ഒരു പൂക്കാലമായിരുന്നു, അതില്‍ 
കൂടുകൂട്ടിയ ഒരു തേനീച്ചക്കൂട്ടത്തിന്‍റെ 
കൂട്ടക്കരച്ചിലുമായിരുന്നു.

ചുറ്റും ഭീതിയുടെ മണം പരത്തി എത്തിയ കാറ്റിന്‍റെ മനസ്സില്‍
കുറച്ചു നന്മ ബാക്കിയുണ്ടായിരിന്നിട്ടുണ്ടാവാം -
കൂട്ടിലിരുന്നു ഭയന്നു നിലവിളിച്ച ആ കിളിക്കുഞ്ഞിന്‍റെ 
തൂവലില്‍ ഒന്ന് തൊട്ടു തലോടി അവന്‍ യാത്ര മടങ്ങി.

ഇതെല്ലാം നോക്കിക്കൊണ്ട്‌ എന്‍റെ ഉണ്ണിയിരുന്നു 
അത്ഭുതങ്ങള്‍ കണ്ടത് പോലെ , ഒരു കുഞ്ഞു വിറയോടെ,
ഒരു നോക്ക് കൊണ്ട് പോലും നൊന്തില്ല അവന്‍റെ മനസ്സ് -
മാന്തിനോവിക്കുന്നുണ്ടായിരുന്നു എന്‍റെ മാറ് അവന്‍ - അപ്പോളും.

ആ  ദുര്‍വിധിയുടെ പകല്‍ അങ്ങനെ ഉറക്കമായി, 
ഇനിയവനുണരുമ്പോള്‍ ഒരു നിറമുള്ള ആകാശം വിരിക്കണം,
മണമുള്ള പൂക്കളും, അതില്‍ തേന്‍ നുകരാന്‍ വണ്ടുകളും ഉണ്ടാവണം,
എന്‍റെ കൈവെള്ളയില്‍ നിന്നും അരിമണികള്‍ 
കൊത്തിപ്പെറുക്കാന്‍ അന്നും - കിളിക്കുഞ്ഞുങ്ങള്‍ ഉണ്ടാവണം,
ഇതെല്ലാം കണ്ടു രസിച്ച് എന്‍റെ ഉണ്ണി കുടുകുടാ ചിരിക്കണം.

എന്നുമിങ്ങനെയൊക്കെ തന്നെ ആവണം 
എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌.

No comments:

Post a Comment