Wednesday, December 19, 2012

തമസ്സിന്‍റെ തടവറകളില്‍ ഇന്നും...

ഗതികേടാല്‍ നിലതെറ്റിയ
മനസ്സിന് മുകളില്‍, ഒരു
വെറിപിടിച്ച ദേഹിയുടെ
കിതപ്പും വിയര്‍പ്പുമായ്,
മനമുരുകി അവള്‍....

മാനവും ജീവനും
ഒപ്പം ഉരിഞ്ഞെറിഞ്ഞ്
തമസ്സിന്‍റെ തടവറകളില്‍
ശബ്ദമിടറി, അസാധാരണമായ
സഹനങ്ങളില്‍ അവള്‍...

ക്രമതെറ്റിയ ഗതിവേഗതയില്‍,
അസ്സഹനീയമായ ആവര്‍ത്തനങ്ങളില്‍,
തീവ്രമായ വെപ്രാളങ്ങളില്‍,
നിലക്കാത്ത ചുടുനിശ്വാസങ്ങളില്‍,
എത്രയോ നാഴികകള്‍ അവള്‍... 

ശോച്യമായവസ്ഥകളില്‍,
അബോധമയക്കങ്ങളില്‍,
കയിപ്പ്കലര്‍ന്ന നിരാശയുടെ 
കണ്ണുനീര്‍ച്ചാലുകളൊഴുക്കി,
പ്രാണനും ഉടക്കി അവള്‍...

അങ്ങാവോളമാസ്വദിക്കും,
വെറിപൂണ്ട ദേഹികള്‍,  

വേദനയില്‍ പുളഞ്ഞു
തളര്‍ന്നയാത്മാവില്‍,
സമനില തെറ്റി അവള്‍...

കണ്ണീരും മരവിപ്പും,
നൊടിനേരത്തിലൊതുക്കി,
മാനം ചുറ്റിമറയ്ക്കും വീണ്ടും, 
ഒരുനേരത്തന്നത്തിനായ്
ജീവന്‍ ബലികൊടുത്തവള്‍...

അവള്‍ക്കില്ല നിറഭേദങ്ങള്‍,
അവള്‍ക്കില്ല ഋതുഭേദങ്ങള്‍,
അവള്‍ക്കില്ല  മതഭേദങ്ങള്‍,
എന്നും വ്യഭിചരിക്കുന്ന  യാമങ്ങളില്‍
ജീര്‍ണ്ണിച്ച മനസ്സുമായി  ഇന്നും അവള്‍....

[അവള്‍ - കാലം വേശ്യ എന്ന് മുദ്രകുത്തിയ ഒരു സ്ത്രീ.]

No comments:

Post a Comment