Thursday, December 27, 2012

അന്നും മഴയുണ്ടായിരുന്നു..

ഒരുമിച്ചിരുന്നു കണ്ടിട്ടുണ്ട്, ജനലഴികളിലൂടെ ഒരുപാട് മഴകള്‍, ഞാനും അവനും. ഏഴ്-ബി-യിലെ അവസാന ബെഞ്ചില്‍ ജനാലയുടെ അറ്റം ചേര്‍ന്ന് ഞാനിരുന്നു, എന്‍റെ തൊട്ടു മുന്നില്‍ അവനും.  ഞെരിച്ച് പെയ്യുന്ന മഴയുടെ തുള്ളികള്‍ ജനാലപ്പടികളില്‍ ചിന്നഭിന്നമാകുമ്പോള്‍, ഒരു ഇറ്റ് എന്‍റെയും ഒരു ഇറ്റ് അവന്‍റെയും അരികത്തെത്തുമായിരുന്നു. ചിലപ്പോളതെന്‍റെ ഉടുപ്പ് നനക്കുമായിരുന്നു ചിലപ്പോള്‍ അവന്‍റെ ബുക്കും. കടലാസ് മുകളില്‍ വീഴുന്ന കണങ്ങളില്‍ ചിലതൊക്കെ അവന്‍ തുടച്ചു മാറ്റുമ്പോള്‍ ചേര്‍ത്തുവച്ച അക്ഷരങ്ങളെല്ലാം ചവിട്ടി തേച്ച പോലെയാകും.  ഇടക്കിടെ എന്‍റെ ഹീറോ പേനയുടെ ചുണ്ട് നനച്ചുകൊണ്ടെനിക്കും തരും ഒരു പണി.

ജനാലപ്പടവില്‍ അടുക്കി വച്ച ചോറ്റു പാത്രങ്ങളില്‍, തുള്ളികള്‍ ചിലത് ശബ്ദമുണ്ടാക്കും. കുത്തിച്ചാരിവച്ച് ഉണക്കിയ പോപ്പി കുടകള്‍ വീണ്ടും നനയ്ക്കും. ചിലതൊക്കെ ഭിത്തിയുടോരം ചേര്‍ന്ന് ഒഴുകിയോലിച്ചു  താഴേക്കിറങ്ങും. സിമെന്‍റ്തറയിലെ മണ്‍തരികളുമായി  
ഓടിക്കളിച്ചും കൂട്ടം ചേര്‍ന്നും ചളിയാക്കും, ചിലതൊക്കെ തുരുമ്പ് കമ്പിയില്‍ തന്നെ തൂങ്ങി തൂങ്ങി അങ്ങനെ നില്‍ക്കും, ഒരാളും കൂടെയെത്തിയിട്ട് താഴെച്ചെന്നാക്കളിയില്‍ ചേരാന്‍. കാത്തിരുന്ന് മടുത്ത തുള്ളികളെയെല്ലാം അവന്‍ പെന്‍സില്‍ മുനകൊണ്ട്  കുത്തിയിടും, എന്നിട്ട് അവനെന്നെ ഒന്ന് തിരിഞ്ഞു നോക്കും. എന്താടാ എന്ന് ചോദിക്കും മുന്നേ എത്തും, ഓമന ടീച്ചറിന്‍റെ ചോക്ക് കഷണങ്ങള്‍. സാമൂഹ്യ പാടങ്ങളും, ശാസ്ത്രവും, ഗണിതവും  ഒരുപാടങ്ങനെ മഴ നനഞ്ഞു.

ബെല്ലടിച്ചുതീരുമ്പോളേക്കും  ജനാലക്കരികിലേക്കെത്തും ഞാനും അവനും. തൂങ്ങി നില്‍ക്കുന്ന ബാക്കി തുള്ളികളില്‍ ചിലപ്പോള്‍ അവന്‍ നാവിന്‍റെ തുമ്പോന്നു മുട്ടിക്കും, ചിലത് എന്‍റെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കും, എന്നിട്ട് അവന്‍റെ വക ഒരു കമെന്‍റ് ഉണ്ട് - "അങ്ങനെയെങ്കിലും ഒന്ന് കുളിക്കാടാ എന്ന്"!

വര്‍ഷങ്ങളങ്ങനെ കടന്നു മാറി. ഒടുവിലെത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ അവസാനമായി ആ ജനാലക്കരികില്‍ ഞാനും അവനും. വേനലവധിക്ക്  ശേഷമെത്തിയ പരീക്ഷാഭലം സന്തോഷങ്ങള്‍ നല്‍കി, അന്നും  മഴയുണ്ടായിരുന്നു. പഴയ ക്ലാസ് മുറിയിലേക്കൊന്നു ഞാന്‍ ഒന്ന് കണ്ണോടിച്ചു. ജനാലകള്‍ മാറ്റിയിരിക്കുന്നു - അവ സ്ലൈഡിംഗ്  ആക്കിയിരുന്നു. അകത്തെക്കെതാനാവാതെ മഴത്തുള്ളികള്‍ ചില്ലിലടിച്ചുമരിക്കുന്നുണ്ടായിരുന്നു. 
എന്നോട് ചേര്‍ന്നവനുമുണ്ടായിരുന്നു, എന്‍റെ പുറകില്‍, മിഴികള്‍ നിറച്ച്‌, എന്‍റെ ഉടുപ്പും നനച്ച് ....

No comments:

Post a Comment