
ആരുടെയോ വിരല്‍ തുമ്പിലാണിന്നു ജീവിതം
ആരുടെയോ നേരംപോക്കിനാണീ ഓട്ടം
തിരിച്ചും മറിച്ചും ഉയരങ്ങളിലേക്ക് എന്നെ തള്ളി വിടുമ്പോള്‍
ഭയമാണ് എനിക്ക് എന്ന് നിങ്ങള്‍ക്കറിയില്ലേ ?
ഓരോ വലിയിലും ചങ്ക് പിടക്കാറുണ്ട് - എന്നാലും
ആരുടെയോ സന്തോഷങ്ങള്‍ക്കായി നീങ്ങാറുണ്ട് ഞാന്‍
കുരുത്തക്കേടുകള്‍ കാട്ടാറില്ല ഞാനീ ഉയരങ്ങളില്‍
എങ്ങാനം വിട്ടു പോയാലോ ആ ചരട് എന്ന ഭയമാണ്
ഉയരങ്ങളില്‍ ഇങ്ങനെ ഭയന്നിരിക്കുന്ന എന്നെ
ഒരു ദയയും കാട്ടാതെ വന്നു തള്ളാറുണ്ട് ഒരു കാറ്റ്
ഒരു ദാക്ഷിണ്യവും കൂടാതെ പൊള്ളിക്കാറുണ്ട് ഒരു വെയില്‍
എന്നാലും പിടിച്ചു നില്‍ക്കാറുണ്ട് ഞാന്‍ -
എങ്ങാനം വിട്ടു പോയാലോ ആ ചരട് എന്ന ഭയമാണ്
ഉയരങ്ങളിലേക്കുള്ള പാച്ചിലില്‍ കാണാറുണ്ട് ഞാന്‍
എന്നെ പോലെ മറ്റു ചിലരെ
തമ്മില്‍ നോക്കി ഒന്ന് ചിരിക്കും മുമ്പേ തന്നെ ഞങ്ങളെ
ശത്രുക്കളാക്കും ചില വിരല്‍ തുമ്പുകള്‍
കാട്ടാറില്ല തിരിഞ്ഞു ഞാന്‍ ഒരു പരിഭവവും
എങ്ങാനം വിട്ടു പോയാലോ ആ ചരട് എന്ന ഭയമാണ്
ആരോരുമില്ലാതെ ഒറ്റയ്ക്ക് പാറുമ്പോള്‍ ചിലപ്പോള്‍
ഞാനൊന്ന് താഴേക്കു നോക്കും
ദയയും ദാക്ഷിണ്യവും ഇല്ലാത്ത ഒരു ലോകമാണ്
ഞാന്‍ കാണുന്നത്
വാശിയും ദേഷ്യവും നിറഞ്ഞ കുറെ മനുഷ്യരെയാണ്
ഞാന്‍ കാണുന്നത്
ഉയരങ്ങളില്‍ നിന്ന് ഞാന്‍ വെറുതെ ചിന്തിക്കും
ആ ചരടുകള്‍ സ്വയം പൊട്ടിച്ചു ഏതെങ്കിലും മരത്തിന്‍
ചില്ലകളിലേക്ക് ഇടിച്ചിറങ്ങി നെഞ്ച് കീറി മുറിച്ചാലോ എന്ന്
ഇങ്ങനെ ഒരു ലോകത്ത് തിരികെ വന്നിട്ടെന്തിനാ ?
No comments:
Post a Comment